മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനെതിരെയുള്ള പരാമർശത്തിൽ പ്രതിഷേധിച്ചാണ് പ്രമേയം സുപ്രീംകോടതി അഡ്വക്കേറ്റ് ഓൺ റെക്കോർഡ് അസോസിയേഷനാണ് പ്രമേയം പാസാക്കിയത്
ദില്ലി: സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്രയ്ക്ക് എതിരെ അഭിഭാഷകര്‍ പ്രമേയം പാസാക്കി. സുപ്രീംകോടതി അഡ്വക്കേറ്റ് ഓൺ റെക്കോർഡ് അസോസിയേഷനാണ് പ്രമേയം പാസാക്കിയത്.
മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനെതിരെയുള്ള പരാമർശത്തിൽ പ്രതിഷേധിച്ചാണ് പ്രമേയം. അഭിഭാഷകനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് മിശ്ര താക്കീത് ചെയ്തിരുന്നു.
ഇന്നലെയാണ് വിവാദ സംഭവം സുപ്രീം കോടതിയിൽ ഉണ്ടായത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് അരുൺ മിശ്ര, മുതിര്‍ന്ന അഭിഭാഷകനായ ഗോപാൽ ശങ്കരനാരായണനോട് കോടതിയലക്ഷ്യ കേസെടുക്കുമെന്ന് ഭീഷണി മുഴക്കിയത്.
ഇതേത്തുടര്‍ന്ന് വാദം പൂര്‍ത്തിയാക്കാതെ ഗോപാല്‍ ശങ്കരനാരായണന്‍ കോടതിമുറി വിട്ടുപോയി. കോടതിയുടെ അന്തസ് കാത്തുസൂക്ഷിക്കാന്‍ അഭിഭാഷകര്‍ക്കു മാത്രമല്ല ജഡ‍്ജിമാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് അഡ്വക്കേറ്റ്സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ പ്രമേയത്തിൽ പറയുന്നു. ജസ്റ്റിസ് അരുൺ മിശ്ര മാപ്പ് പറയണം എന്നാണ് ഇവരുടെ ആവശ്യം.
