ദില്ലി: ഇന്ത്യക്ക് നന്ദി പറഞ്ഞ്  അഫ്ഗാൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി മോചിക്കപ്പെട്ട സിഖ് നേതാവ്. അഫ്​ഗാനിലെ സിഖ്​ നേതാവായ നിദാൻ സിങ്​ സച്ച്​ദേവയാണ് മാതൃരാജ്യത്തേക്ക് തിരിച്ചെത്തിച്ചതിന് ഇന്ത്യക്ക്  നന്ദി അറിയിച്ചത്. കഴിഞ്ഞമാസം 22നാണ്​ പക്​തിയ പ്രവിശ്യയിലെ ചംകാനി ജില്ലയിൽ നിന്ന്​ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ഒരു മാസത്തോളം തടങ്കലിൽ വച്ച ശേഷം കഴിഞ്ഞ ദിവസമാണ് നിദാൻ മോചിപ്പിക്കപ്പെട്ടത്.

തടങ്കലിൽ കഴിഞ്ഞ ദിവസങ്ങളിൽ തനിക്ക് നേരിടേണ്ടിവന്ന ക്രൂരതകളെ കുറിച്ചും നിദാൻ പറഞ്ഞതായി ന്യൂസ് ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ' ഇന്ത്യയെ എന്താണ് വിളിക്കേണ്ടത് എന്നറിയില്ല, ഇന്ത്യ എന്റെ മാതാവോ, പിതാവോ ആണ്. തടങ്കലാക്കപ്പെട്ട് 20 മണിക്കൂറുകൾക്ക് ശേഷം രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു ഞാൻ. ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ട് അവരെന്നെ മർദ്ദിച്ചുകൊണ്ടേയിരുന്നു. എനിക്ക്  എന്റേതായ മതമുണ്ടെന്ന് ഞാൻ അവരോട് ആവർത്തിക്കുകയായിരുന്നു. മാതൃരാജ്യത്തേക്ക് തിരിച്ചെത്തിച്ചതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.  ഒരുപാട് കഷ്ടപ്പാടുകൾക്ക് ശേഷമാണ് ഇവിടെ എത്തിയത്. ഇവിടെ ഏറെ സുരക്ഷിതനാണ്'-  നിദാൻ പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ, പാക്കിസ്ഥാൻ പിന്തുണയുള്ള താലിബാനിൽ നിന്ന് ഭീഷണി നേരിട്ട സിഖ് സമുദായത്തിലെ പതിനൊന്ന് അംഗങ്ങൾക്ക് കാബൂളിലെ ഇന്ത്യൻ എംബസി ഹ്രസ്വകാല വിസ അനുവദിക്കുകയായിരുന്നു.  സച്ച്ദേവ ഉൾപ്പെടെയുള്ളവർ ഞായറാഴ്ച്ച ഉച്ച കഴിഞ്ഞാണ് ദില്ലിയിലെത്തിയത്. അഫ്ഗാനിസ്ഥാനിൽ സുരക്ഷാ ഭീഷണികൾ നേരിടുന്ന ഹിന്ദു, സിഖ് സമുദായ അംഗങ്ങൾക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കാൻ ഇന്ത്യ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.  

ഇന്ത്യയുടെ തീരുമാനം വന്ന്  നാല് മാസം പിന്നിട്ടപ്പോൾ കാബൂളിലെ ഷോർ ബസാറിലെ ഒരു ഗുരുദ്വാരയിൽ നടന്ന ഭീകരാക്രമണത്തിൽ  25 പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ശക്തമായി അപലപിച്ച ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഭീഷണി നേരിടുന്നവർക്ക് ഇന്ത്യയിലേക്ക് നിയമപരമായ പ്രവേശനം അനുവദിക്കാൻ മതനേതാക്കൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ രണ്ടര ലക്ഷത്തോളം ഹിന്ദു, സിഖ് സമുദായാംഗങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ നൂറിൽ താഴെ കുടുംബങ്ങൾ മാത്രമാണ് അഫ്ഗാനിലുള്ളതെന്നാണ് കണക്ക്.