ദില്ലി: പ്രളയം ബാധിച്ച മഹാരാഷ്ട്രയിലെ ഗ്രാമത്തില്‍നിന്ന് ചിരിച്ചുകൊണ്ട് സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത മന്ത്രി ഗിരിഷ് മഹാജന് രൂക്ഷവിമര്‍ശനം. വിമര്‍ശനം തണുപ്പിക്കാനായി മന്ത്രി പ്രളയബാധിത പ്രദേശത്ത് സാഹസികമായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന വിഡിയോ പോസ്റ്റ് ചെയ്ത് പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മറുപടി നല്‍കി. 

സാംഗ്ലി ജില്ലയില്‍നിന്നാണ് കഴിഞ്ഞ ദിവസം മന്ത്രി ഗിരിഷ് മഹാജന്‍ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന സെല്‍ഫിയും വീഡിയോയുമെടുത്ത് പ്രചരിപ്പിച്ചത്. പ്രളയത്തെ തുടര്‍ന്ന് ആയിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ട സമയത്തായിരുന്നു മന്ത്രിയുടെ സെല്‍ഫി. വെള്ളിയാഴ്ച മാത്രം ഒമ്പത് പേരാണ് സാംഗ്ലിയില്‍ മരിച്ചത്. മഹാരാഷ്ട്ര ജലവിഭവ മന്ത്രിയാണ് ഗിരീഷ് മഹാജന്‍. ട്വിറ്ററിലും ഫേസ്ബുക്കിലും രൂക്ഷമായ വിമര്‍ശനമാണ് മന്ത്രിക്കെതിരെ ഉയര്‍ന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് പറഞ്ഞായിരുന്നു പലരുടെയും ട്വീറ്റ്. 

 

കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് മന്ത്രിയുടെ സാഹസിക രക്ഷാപ്രവര്‍ത്തനം ബിജെപി ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തുവിട്ടു. പ്രളയബാധിത പ്രദേശങ്ങളിലൂടെ രക്ഷാപ്രവര്‍ത്തകരോടൊപ്പം കഴുത്തൊപ്പം വെള്ളത്തില്‍ നീന്തുന്ന വീഡിയോയാണ് അടിക്കുറിപ്പോടെ പുറത്തുവിട്ടത്. ഇങ്ങനെയാണ് ബിജെപി എല്ലാവരുടെയും വിശ്വാസം നേടിയെടുക്കുന്നതെന്നായിരുന്നു അടിക്കുറിപ്പ്.