Asianet News MalayalamAsianet News Malayalam

നടുറോഡിലിട്ട് യുവാവിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു

മോട്ടോര്‍ സൈക്കിളില്‍ പോകുന്നതിനിടെ വാഹനത്തിന്‍റെ പേപ്പര്‍ പരിശോധിക്കാന്‍ തടഞ്ഞ പൊലീസുമായി വാഗ്വാദമുണ്ടായി. തുടര്‍ന്നാണ് സംഭവം നടന്നത്...

After Video Of Beating youth  2 Cops Charged For Trying To Kill Man On Road
Author
Lucknow, First Published Sep 14, 2019, 10:44 AM IST

ദില്ലി: നടുറോഡിലിട്ട് പൊലീസുകാര്‍ യുവാവിനെ തല്ലിച്ചതച്ച വീഡിയോ വൈറലായതോടെ പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. കൊലപാതകശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. രണ്ട് പൊലീസുകാര്‍ ചേര്‍ന്നാണ് യുപിയില്‍ യുവാവിനെ മര്‍ദ്ദിച്ചത്.

വീഡിയോ വൈറലായതോടെ ഇരുവരെയും സസ്പെന്‍റ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. യുവാവ് മദ്യപിച്ചിരുന്നുവെന്നും പ്രദേശത്ത് സാമുദായിക പ്രശ്നമുണ്ടാക്കിയതില്‍ പങ്കാളിയായിരുന്നുവെന്നും മര്‍ദ്ദിക്കപ്പെട്ട യുവാവിനെ കുറിച്ച് പൊലീസ് പിന്നീട് പറഞ്ഞിരുന്നു. 

ഉത്തര്‍പ്രദേശിലെ സിദ്ദാര്‍ത്ഥ് നഗറില്‍ നടുറോഡിലിട്ടാണ് യുവാവിനെ തല്ലിച്ചതച്ചത്. യുവാവിന്‍റെ ബന്ധുവായ കുട്ടി നോക്കി നില്‍ക്കെയാണ് ഇയാളെ അതിക്രൂരമായി നിലത്തിട്ട് ചവിട്ടിയും അടിച്ചും ഇടിച്ചും ആക്രമിക്കുന്നത്. ദൃക്സാക്ഷികളിലൊരാള്‍ പകര്‍ത്തിയ മര്‍ദ്ദനത്തിന്‍റെ വീ‍ഡിയോ ഇപ്പോള്‍ വൈറലാണ്. 

റിങ്കു പാണ്ഡേയെന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ മോട്ടോര്‍ സൈക്കിളില്‍ പോകുന്നതിനിടെ വാഹനത്തിന്‍റെ പേപ്പര്‍ പരിശോധിക്കാന്‍ തടഞ്ഞ പൊലീസുമായി വാഗ്വാദമുണ്ടായി. തുടര്‍ന്നാണ് സംഭവം നടന്നത്. മര്‍ദ്ദനത്തില്‍ ഒപ്പമുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. കുട്ടിയുടെ കയ്യില്‍ മുറിവേറ്റിട്ടുണ്ട്. 

വീഡിയോ പുറംലോകത്തെത്തിയതോടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെന്‍റ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. സബ് ഇന്‍സ്പെക്ടര്‍ വിരേന്ദ്രമിശ്ര, ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര പ്രസാദ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. 

ഇരുവരും യുവാവിനെ അസഭ്യം പറയുകയും ചെയ്തു. നിലത്തുവീണ യുവാവിന്‍റെ മേല്‍ പൊലീസുകാരില്‍ ഒരാള്‍ കയറിയിരിക്കുകയും ചെയ്തിരുന്നു. മുടിപിടിച്ച് വലിച്ചും ഇയാളെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ''എന്‍റെ ഭാഗത്തുതെറ്റുണ്ടെങ്കില്‍ നിങ്ങള്‍ക്കെന്നെ ജയിലിലടക്കാം'' - പൊലീസുകാരോട് ഇയാള്‍ ഹിന്ദിയില്‍ പറയുന്നുണ്ടായിരുന്നു. കുട്ടി പേടിച്ച്  ഇയാള്‍ക്ക് ചുറ്റും നടക്കുന്നതും വീഡിയോയില്‍ കാണാം. 

Follow Us:
Download App:
  • android
  • ios