അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 202 പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 157 മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേഷ് ചികിത്സയിലാണ്.

ദില്ലി: അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ മരിച്ച 202 പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതുവരെ 158 മൃതദേഹങ്ങളാണ് കുടുംബങ്ങൾക്ക് കൈമാറിയത്. 242 പേ‍‌ർ സഞ്ചരിച്ച വിമാനത്തിലെ 241 പേരും കൊല്ലപ്പെട്ടിരുന്നു. അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേഷ് നിലവിൽ ഭേദപ്പെട്ട അവസ്ഥയിൽ തുടരുകയാണ്.

ഇനി 33 മൃതദേഹങ്ങളാണ് വിവിധ കാരണങ്ങളാൽ സൂക്ഷിച്ചിരിക്കുന്നത്. മരിച്ച 5 പേരുടെ ഡിഎൻഎ മാച്ചിങ് ഫലത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. അതേസമയം 15 മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി കുടുംബാംഗങ്ങളിൽ നിന്ന് കൂടുതൽ സാമ്പിളുകൾക്കായി കാത്തിരിക്കുകയാണ്. 10 മൃതദേഹങ്ങൾ കൂടി കുടുംബങ്ങളിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ മരിച്ച 2 മൃതദേഹങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്. വിട്ടയച്ചതിൽ 11 മൃതദേഹങ്ങളിൽ, മലയാളി നഴ്സിന്റേതടക്കം ഗുജറാത്തിനു പുറത്തുള്ളവയാണ്. നിലവിൽ വിട്ടയച്ച 202 മൃതദേഹങ്ങളിൽ ഭൂരിഭാഗവും ഗുജറാത്തിലുള്ളവരുടേതാണ്. മരിച്ചവരിൽ 123 ഇന്ത്യൻ പൗരന്മാരും 27 ബ്രിട്ടീഷ് പൗരന്മാരും നാല് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനും ഉൾപ്പെടുന്നു. മരിച്ച മറ്റ് നാല് പേർ യാത്രക്കാരല്ല. ഇവ‍ർ അപകടം നടന്ന സമയത്ത് ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ആളുകളാണെന്നും അധികൃതർ വ്യക്തമാക്കി.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ്കുമാർ രമേഷ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഈ ആഴ്ച ആദ്യം യുകെയിൽ നിന്ന് അദ്ദേഹത്തിന്റെ കുടുംബം അഹമ്മദാബാദിൽ എത്തിയിരുന്നു.

ഇതിനിടെ, ഏറെ ച‌ർച്ചയാകുന്നത് എയർ ഇന്ത്യ ബോയിംഗ് ഡ്രീംലൈനർ 787 തകരാനുള്ള കാരണമെന്താണ് എന്നതിനെപ്പറ്റിയുള്ള വാദങ്ങളാണ്. അന്തിമ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ലെങ്കിലും, ഇതിൽ പ്രധാനം റാം എയർ ടർബൈൻ അല്ലെങ്കിൽ റാറ്റ് (RAT System) ഡിപ്ലോ‍യ് ചെയ്തതുമായി ബന്ധപ്പെട്ടുള്ളതാണ്.

ജൂൺ 12നുണ്ടായ അപകടത്തിന്റെ പുറത്തു വരുന്ന ദൃശ്യങ്ങളിലും ശബ്ദങ്ങളിലും റാം എയർ ടർബൈൻ അല്ലെങ്കിൽ റാറ്റ് ഡിപ്ലോ‍യ് ചെയ്തിട്ടുണ്ടെന്ന് മനസിലാകുന്നുവെന്നാണ് വിദ​ഗ്ദ‌ർ പറയുന്നത്. വിമാനത്തിലെ എല്ലാ വൈദ്യുതി സ്രോതസുകളും പ്രവർത്തന രഹിതമാകുമ്പോൾ മാത്രമാണ് റാറ്റ് പ്രവ‌ർത്തിക്കുന്നത്. വിമാനത്തിന്റെ താഴ ഭാ​ഗത്ത് ഒരു ചെറിയ പ്രൊപ്പല്ലർ പോലെയാണ് ഇത് കാണാനാകുക. ഡ്രീംലൈന‌ർ ഉ‌യർന്നു പൊങ്ങി 32 സെക്കൻഡുകൾ കഴിഞ്ഞപ്പോൾ തന്നെ റാറ്റ് പ്രവ‌ർത്തനക്ഷമമായി എന്നാണ് കണ്ടെത്തൽ.

ഇപ്പോഴും വിമാനമെങ്ങനെയാണ് തകർന്നതെന്നതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. എയർ ഇന്ത്യ, ബോയിങ്, വ്യോമയാന മന്ത്രാലയം തുടങ്ങിയ മുൻനിരയുടെ അന്വേഷണ ഫലത്തിനായി കാത്തിരിക്കുകയാണ് രാജ്യം. അന്വേഷണ റിപ്പോർട്ട് പുറത്തു വരുന്നതോടുകൂടി വ്യക്തമായ ഒരു ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.