അപകടം നടന്ന് 30 ദിവസത്തിനുള്ളിലാണ് പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിടുന്നത്

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച പുറത്തുവിട്ടേക്കും. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ എഐ 171 ബോയിങ് ഡ്രീംലൈനര്‍ വിമാനം തകര്‍ന്ന് വീണ് 260 പേരുടെ ജീവനാണ് നഷ്ടമായത്. 

അപകടം നടന്ന് 30 ദിവസത്തിനുള്ളിലാണ് പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വ്യോമയാന മന്ത്രാലയത്തിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. 

അപകടത്തിന്റെ കാരണമടക്കം കണ്ടെത്താൻ നേരത്തെ വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് പരിശോധിച്ചിരുന്നു. ബ്ലാക്ക് ബോക്സിലെയും വോയ്സ് റെക്കോര്‍ഡറിലെയും വിവരങ്ങളടക്കം വിശകലനം ചെയ്യുന്നത് തുടരുകയാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ബ്ലാക്ക് ബോക്സിലെ വിവരങ്ങള്‍ സുരക്ഷിതമായി വീണ്ടെടുക്കാനായതായാണ് വിവരം.

അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഈയാഴ്ച പുറത്തുവിടുമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷൻ ബ്യൂറോ പാര്‍ലമെന്‍ററി സ്റ്റാന്‍‍ഡിങ് കമ്മിറ്റി യോഗത്തിൽ അറിയിച്ചത്. വ്യോമ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത, ടൂറിസം, സാംസ്കാരിക വകുപ്പുകളിലെ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

യോഗത്തിൽ അന്വേഷണ പുരോഗതിയടക്കം ചര്‍ച്ചയായി. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ അടക്കം ഉദ്യോഗസ്ഥര്‍ യോഗത്തിൽ പങ്കെടുത്തു. ഇന്ന് രാവിലെ പത്തിന് ആരംഭിച്ച യോഗം വൈകിട്ട് ആറിനാണ് അവസാനിച്ചത്.

രാജ്യത്തെ എല്ലാ വിമാന കമ്പനികളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ വിമാന സര്‍വീസിലെ സുരക്ഷ സംബന്ധിച്ച വിവരങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. അഹമ്മദാബാദ് ദുരന്തത്തിനുശേഷം ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ എട്ടു ശതമാനത്തിന്‍റെ കുറവും ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഒരു ശതമാനവും കുറവുണ്ടെന്ന് യോഗത്തിൽ വ്യോമയാന മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

രാജ്യാന്തര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യയിലെ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കൂടുതൽ വിമാനങ്ങള്‍ കൈകാര്യം ചെയ്യേണ്ട അവസ്ഥയുണ്ടെന്നും ഇത് മാനുഷികമായ തെറ്റുകള്‍ ഉണ്ടാക്കുന്നതിന് വഴിയൊരുക്കുമെന്നും ദുരന്തത്തിന് കാരണമാകുമെന്നും ചിലര്‍ യോഗത്തിൽ ചൂണ്ടികാട്ടി.

ബ്ലാക്ക് ബോക്സുകളിലെ വിവരങ്ങള്‍ ഡികോഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. യുഎസിലെ നാഷണൽ ട്രാന്‍സ്പോര്‍ട്ടേഷൻ സേഫ്റ്റി ബോര്‍ഡിലെ വിദഗ്ധരുമായി ചേര്‍ന്നാണ് ബ്ലാക്ക് ബോക്സിലെ വിവരങ്ങള്‍ വിശകലനം ചെയ്യുന്നത്. അഹമ്മദാബാദ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി അവസാനം വിമാനത്തിലെ പൈലറ്റ് ബന്ധപ്പെട്ടകാര്യമടക്കം പരിശോധിക്കുന്നുണ്ട്. ബ്ലാക്ക് ബോക്സ് പരിശോധനയ്ക്കായുള്ള ഇതിനായുള്ള നിര്‍ണായക ഉപകരണം എന്‍ടിഎസ്‍ബി ഇന്ത്യയിലെത്തിച്ചിരുന്നു.

അന്വേഷണത്തിന്‍റെ ബാഗമായി അഹമ്മദാബാദ് വിമാനത്താവളത്തിലെ സുരക്ഷ മേഖലയില്‍ തകര്‍ന്ന വിമാനത്തിന്‍റെ ഭാഗങ്ങളെത്തിച്ച് വിമാനം ഭാഗികമായി പുനര്‍നിര്‍മിച്ചു.വിമാനത്തിന് എത്രത്തോളം തകര്‍ച്ച സംഭവിച്ചുവെന്ന് അറിയാനും ബ്ലാക്ക് ബോക്സിലെ വിവരങ്ങളും താരതമ്യം ചെയ്യാനുമാണ് വിമാനം പുനര്‍നിര്‍മിച്ചത്. ബോയിങ് വിമാന നിര്‍മാണ വിദഗ്ധരുടെയടക്കം സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.എഎഐബി ഡയറക്ടര്‍ ജനറൽ ജിവിജി യുഗൻധറിന്‍റെ നേതൃത്വത്തിൽ വിവിധ ടീമുകളാണ് അന്വേഷണം നടത്തുന്നത്.