2026ലെ തിരഞ്ഞെടുപ്പിൽ ഡിഎംകെയും ടിവികെയും തമ്മിലാണ് പോരാട്ടമെന്ന വിജയ്‌യുടെ പ്രസ്താവന തെറ്റാണെന്നും ഡിഎംകെയ്ക്ക് ബദൽ എഐഎഡിഎംകെ മാത്രമാണെന്നും ആർ ബി ഉദയകുമാർ

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യെ തള്ളി ആൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം. 2026ലെ തിരഞ്ഞെടുപ്പിൽ ഡിഎംകെയും ടിവികെയും തമ്മിലാണ് പോരാട്ടമെന്ന വിജയ്‌യുടെ പ്രസ്താവന തെറ്റാണെന്നും ഡിഎംകെയ്ക്ക് ബദൽ എഐഎഡിഎംകെ മാത്രമാണെന്നും ആർ ബി ഉദയകുമാർ പറഞ്ഞു. പരീക്ഷ എഴുതും മുൻപേ പാസ്സായെന്നാണ് വിജയ്‌യുടെ അവകാശവാദം. വിജയ് ഇപ്പോൾ പഠിക്കുകയാണ്. ആദ്യം പരീക്ഷ എഴുതട്ടെ. മാർക്ക് കിട്ടിയിട്ട് കാണാമെന്നും ഉദയകുമാർ വിജയ്‌യെ പരിഹസിച്ചു. വിജയ്‌യുടെ തെറ്റായ പ്രചാരണങ്ങളിൽ ജനങ്ങൾ ശ്രദ്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ടിവികെ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

വിജയ്‌യുടെ നാഗപ്പട്ടണം റാലിക്ക് പിന്നാലെ ടിവികെയുടെ ജില്ലാ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനും സ്വകാര്യഭൂമിയിൽ അതിക്രമിച്ച് കയറിയതിനും അടക്കമാണ് കേസെടുത്തത്. വേളാങ്കണ്ണി പള്ളിയുടെ ഉടമസ്ഥതയിലുള്ള കല്യാണമണ്ഡപത്തിന്റെ ചുറ്റുമതിൽ തകർത്തെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. അതിനിടെ തന്റെ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തുന്ന കടുത്ത നിബന്ധനകൾ മോദിക്കും ആർഎസ്എസിനും ബാധകമാക്കുന്നില്ലെന്ന വിജയ്‌യുടെ വിമർശനം തമിഴ്നാട് സർക്കാർ തള്ളി. കഴിഞ്ഞ വർഷം ചെന്നൈയിൽ മോദിയുടെ റാലിക്ക് അനുമതി നൽകിയത് 20 ഉപാധികളോടെയാണെന്ന് തമിഴ്നാട് സർക്കാരിന്റെ ഫാക്ട് ചെക് വിഭാഗം അറിയിച്ചു.