ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രവേശന നീക്കങ്ങള്‍ക്കിടെ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി ശശികല. കൂടിക്കാഴ്ചയ്ക്ക് സമയം തേടി ബിജെപി നേതൃത്വത്തെ ശശികല സമീപിച്ചു. പാര്‍ട്ടിയെ തിരിച്ചുപിടിക്കുമെന്ന ആഹ്വാനവുമായി ശശികല വീണ്ടും അനുയായികള്‍ക്ക് ശബ്ദസന്ദേശം അയച്ചു. വിമത നീക്കങ്ങള്‍ക്കിടെ മുഴുവന്‍ പാര്‍ട്ടി എംഎല്‍എമാരുടെയും യോഗം അണ്ണാഡിഎംകെ  വിളിച്ചു.

പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്ന പോലെ തന്നെ നടക്കും. പാര്‍ട്ടിയെ തിരിച്ചുപിടിക്കും. ഞാന്‍ തിരിച്ചുവരും. നിങ്ങള്‍ തയ്യാറായി ഇരിക്കുക എന്നാണ് ശശികല പ്രവർത്തകർക്കുള്ള ശബ്ദസന്ദേശത്തിൽ പറയുന്നത്. എംജിആറിന്‍റെയും ജയലളിതയുടെയും സുവര്‍ണ്ണ കാലം ആവര്‍ത്തിക്കുമെന്ന പ്രഖ്യാപനവുമായാണ് വീണ്ടും ശശികലയുടെ ശബ്ദസന്ദേശം. തെരഞ്ഞെടുപ്പ് തോല്‍വിയോടെ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ തിരിച്ചുപിടിക്കും.
പ്രവര്‍ത്തകര്‍ക്ക് നല്ല കാലം സമ്മാനിക്കും. തന്‍റെ തിരിച്ചുവരവിനായി തയാറാകാനും അനുയായികളോട് ശശികല ആവശ്യപ്പെട്ടു. പിന്നാലെ തമിഴ്നാട് ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി.

ബിജെപിയുടെ പിന്തുണയോടെ രാഷ്ട്രീയതിരിച്ചുവരവിനാണ് ശശികലയുടെ നീക്കം. പിളര്‍പ്പിന്‍റെ വക്കിലെത്തിയ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാനാണ് ശ്രമം. അനുനയ നീക്കങ്ങള്‍ക്ക് പളനിസ്വാമി ശ്രമിച്ചെങ്കിലും  ഒ പനീര്‍സെല്‍വം  വഴങ്ങിയിട്ടില്ല. ഒപിഎസ് പക്ഷത്തെ കൂടുതൽ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് ശശികലപക്ഷത്തിന്‍റെ അവകാശവാദം. മൂവായിരം കോടിയിലധികം രൂപയുടെ ബിനാമി കേസുകളില്‍ ആദായനികുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരുന്നു. ബെം​ഗളൂരു ജയിലില്‍ നിന്ന് ചെന്നൈ വരെ ശക്തിപ്രകടനം നടത്തിയത് തന്നെ വന്‍ തിരിച്ചുവരവ് ലക്ഷ്യമിട്ടായിരുന്നു. ഇപിഎസ് ഒപിഎസ് ഭിന്നതയ്ക്കിടെ രണ്ടാം വരവ് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ചിന്നമ്മ. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona