എസ്ഡിപിഐ വേദിയിലെത്തി ബിജെപിയുമായി ഇനി ഒരിക്കലും കൂടില്ലെന്ന് പ്രഖ്യാപിച്ച ഇപിഎസ് , വെല്ലൂരില്‍ എസ്ഡിപിഐ നിര്‍ദ്ദേശിക്കുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും സൂചനയുണ്ട്

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, തമിഴ്നാട്ടിൽ മുസ്ലീം വോട്ട് തിരിച്ചുപിടിക്കാൻ ഊര്‍ജ്ജിത നീക്കവുമായി എഐഎഡിഎംകെ. ഇതിന്റെ ഭാഗമായി എസ് ഡി പി ഐ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത എടപ്പാടി പളനിസ്വാമി, അയോധ്യയിലേക്ക് പോകുമോയെന്നതിൽ നിലപാട് വ്യക്തമാക്കാതെ ഉരുണ്ടുകളിക്കുകയാണ്. മറുവശത്ത് ബിജെപി പാളയത്തിൽ തന്നെയാണ് എഐഎഡിഎംകെ ഇപ്പോഴുമെന്ന പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ഡിഎംകെ സഖ്യം.

സംസ്ഥാനത്ത് ആറ് ശതമാനത്തോളം മുസ്ലിം വോട്ടുണ്ടെന്നാണ് കണക്ക്. അഞ്ചിലധികം മണ്ഡലങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കാനും മുസ്ലിം വോട്ടിന് സ്വാധീനമുണ്ട്. കഴിഞ്ഞ ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തമിഴ്‌നാട് തൂത്തുവാരാൻ ഡിഎംകെ സഖ്യത്തിന് കഴിഞ്ഞതിൽ മുസ്ലീം വോട്ടുകളുടെ ഏകീകരണവും നിര്‍ണായകമായിരുന്നു. എന്നാൽ എൻഡിഎ വിട്ടതിന് പിന്നാലെ മുസ്ലീം തടവുകാരുടെ മോചനത്തിനായി നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച എഐഎഡിഎംകെ, നഷ്ടമായ വോട്ടുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.

എസ്ഡിപിഐ വേദിയിലെത്തി ബിജെപിയുമായി ഇനി ഒരിക്കലും കൂടില്ലെന്ന് പ്രഖ്യാപിച്ച ഇപിഎസ് , വെല്ലൂരില്‍ എസ്ഡിപിഐ നിര്‍ദ്ദേശിക്കുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും സൂചനയുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയം പാസാക്കാൻ മടിക്കുന്ന എഐഡിഎംകെ, ഏതു നിമിഷവും ബിജെപി പാളയത്തിലേക്ക് തിരിച്ചപോകുമെന്നാണ് ഡിഎംകെ സഖ്യത്തിന്‍റെ മറുപടി. എഐഎഡിഎംകെയുടെ നിലപാട് വ്യക്തമല്ലെന്നും ജയിച്ചാൽ അവർ ആർക്കൊപ്പം നിൽക്കുമെന്നും മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ കെഎം ഖാദര്‍ ചോദിക്കുന്നു.

സംസ്ഥാനത്ത് ബിജെപിയെയോ ബിജെപി ബന്ധം ഉള്ളവരെയോ പിന്തുണയ്ക്കില്ല എന്നതാണ് മുസ്ലിം സമുദായത്തിന്റെ നിലപാട്. അതിനിടെ ഡിഎംകെ സഖ്യത്തിൽ സീറ്റുമാറ്റ ചര്‍ച്ചകൾ തുടങ്ങിയിട്ടുണ്ടെങ്കിലും കഴിഞ്ഞ തവണ വിജയിച്ച രാമനാഥപുരം നിലനിര്‍ത്താമെന്നും മുസ്ലീം ലീഗ് പ്രതീക്ഷിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്