ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുമായി ഒരു വിശാല സഖ്യം കോൺ​ഗ്രസ് ഉണ്ടാക്കിയിരുന്നു. അത് കോൺ​ഗ്രസിന് ഏറെ ​ഗുണം ചെയ്യുകയും ചെയ്തു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയൊരു വിജയം ഡിഎംകെ സഖ്യം പ്രതീക്ഷിക്കുന്നുണ്ട്. 

ദില്ലി: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് ഉമ്മൻ ചാണ്ടിയെ നിയോ​ഗിച്ച് എഐസിസി. പുതുച്ചേരിയിൽ കോൺ​ഗ്രസുമായി സഖ്യമില്ലെന്ന് ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സഖ്യം തുടരാനുള്ള സാധ്യതയും തേടും. 

കോൺ​ഗ്രസിന്റെ മാധ്യമവിഭാ​ഗം മേധാവി രൺദീപ് സിം​ഗ് സുർജെവാലയെയും ഉമ്മൻ ചാണ്ടിക്കൊപ്പം ചർച്ചകൾക്കായി നിയോ​ഗിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുമായി ഒരു വിശാല സഖ്യം കോൺ​ഗ്രസ് ഉണ്ടാക്കിയിരുന്നു. അത് കോൺ​ഗ്രസിന് ഏറെ ​ഗുണം ചെയ്യുകയും ചെയ്തു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയൊരു വിജയം ഡിഎംകെ സഖ്യം പ്രതീക്ഷിക്കുന്നുണ്ട്. ഡിഎംകെയുടെ ഭാ​ഗത്ത് നിന്ന് വിട്ടുവീഴ്ച സീറ്റ് വിഭജനത്തിൽ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

25- 30 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന. ഡിഎംകെയുമായുള്ള ചർച്ചക്ക് മുൻപ്‌ ഉമ്മൻ ചാണ്ടിയും സുർജേവാലയും ഉൾപ്പെടെയുള്ളവർ ഉന്നതതല യോഗത്തിൽ പങ്കെടുത്ത് മണ്ഡലങ്ങൾ സംബന്ധിച്ച് ചർച്ച നടത്തും. പുതിയ ചുമതല ഉമ്മൻ ചാണ്ടിയെ മാറ്റി നിർത്താനല്ലെന്ന് എഐസിസി അറിയിച്ചു. സീറ്റു വിഭജനത്തിനുള്ള താല്ക്കാലിക ചുമതല മാത്രമാണിത്. ഉമ്മൻചാണ്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ ഇത് ബാധിക്കില്ലെന്നും എഐസിസി അറിയിച്ചു.