മുംബൈ: ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യത്തിൽ നിന്ന് ഒരു രാത്രി കൊണ്ട് മറുകണ്ടം ചാടി ഇരുട്ടി വെളുക്കും മുൻപ് ബിജെപിയിലെത്തി ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് എഴുപതിനായിരം കോടി രൂപയുടെ അഴിമതിക്കേസിൽ ക്ലീൻ ചീറ്റ്. സംസ്ഥാനത്ത് ജലസേചനപദ്ധതികൾ അനുവദിച്ചതിൽ അഴിമതിയുണ്ടായെന്ന് കാട്ടി റജിസ്റ്റർ ചെയ്ത ഒമ്പത് കേസുകളിലാണ് അജിത് പവാറിന് ക്ലീൻ ചിറ്റ് കിട്ടിയിരിക്കുന്നത്. കേസുകളിലൊന്നിലും അജിത് പവാറിനെ പ്രതിയാക്കാൻ വേണ്ട തെളിവുകളില്ലെന്ന് അഴിമതി വിരുദ്ധ വിഭാഗം അറിയിച്ചു.

എന്നാൽ ഈ കേസുകളൊന്നും, അജിത് പവാറുമായി ബന്ധപ്പെട്ടതല്ലെന്ന വിശദീകരണമാണ് അഴിമതി വിരുദ്ധവിഭാഗം നൽകുന്നത്. എന്നാൽ ഈ കേസുകളിലൊന്നും അജിത് പവാർ പ്രതി ചേർക്കപ്പെട്ടിട്ടില്ലെന്ന് അഴിമതിവിരുദ്ധ വിഭാഗം ഡയറക്ടർ ജനറൽ പരംബിർ സിംഗ് വാർത്താ ഏജൻസിയായ എഎൻഐയോട് പരംബിർ സിംഗ് പറയുന്നത്. 

അഴിമതിക്കേസിൽ ജയിൽ പേടിച്ച് മാത്രമാണ് അജിത് പവാർ മറുകണ്ടം ചാടിയതെന്ന ആരോപണം ശിവസേനയും കോൺഗ്രസും ഉന്നയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

മിനിറ്റുകൾക്കകം ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

''കേസുകളും അവസാനിപ്പിച്ചു, അഴിമതിക്കുറ്റവും ഒഴിവാക്കി, അധികാരത്തിലെ ആ നാണം കെട്ടവർ അങ്ങനെ വെളിച്ചത്ത് വരികയാണ് #മഹാചതി'', എന്ന് അന്വേഷണം അവസാനിപ്പിച്ച് അഴിമതി വിരുദ്ധ വിഭാഗം സമർപ്പിച്ച കത്ത് ട്വീറ്റ് ചെയ്ത് പ്രിയങ്ക ചതുർവേദി പറഞ്ഞു.

എന്താണ് ഈ അഴിമതി? എസിബി പറയുന്നതെന്ത്?

1999 മുതൽ 2009 വരെ അജിത് പവാർ മഹാരാഷ്ട്രയുടെ ജലസേചന വകുപ്പ് മന്ത്രിയായിരിക്കുന്ന കാലത്ത്, സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലായി അനുവദിച്ച ജലസേചന പദ്ധതികളുടെ കരാറുകളിൽ വൻ അഴിമതിയുണ്ടെന്നാണ് കേസുകൾ. ഈ പല പദ്ധതികളിലും അഴിമതി നടത്താൻ മുന്നിൽ നിന്നത് അജിത് പവാറാണെന്നായിരുന്നു ആരോപണം. പല പദ്ധതികളുടെയും നിർമാണത്തിനും, നടത്തിപ്പിനുമുള്ള തുക പെരുപ്പിച്ച് കാട്ടി പണം തട്ടിയെന്നുമാണ് അന്വേഷണ വിധേയമായിരിക്കുന്നത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും അജിത് പവാറിനെ വെറുതെ വിട്ടിട്ടില്ലെന്നാണ് അഴിമതി വിരുദ്ധ വിഭാഗത്തിന്‍റെ വിശദീകരണം. സംസ്ഥാനത്തെമ്പാടുമായി 3000 ജലസേചനപദ്ധതികളുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷണവിധേയമാണ്.

ഇതിൽ അജിത് പവാറിന് പങ്കില്ലെന്ന് അഴിമതി വിരുദ്ധ വിഭാഗം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഒമ്പത് കേസുകളിൽ മാത്രമാണ്. കോടതിയിൽ ഈ കേസുകൾ അവസാനിപ്പിക്കുന്നതായി കാണിച്ച് എസിബി നൽകിയ റിപ്പോർട്ട് രാഷ്ട്രീയമായി ഉപയോഗിക്കുന്നെന്നും എസിബി വൃത്തങ്ങൾ പറയുന്നു.

ഈ കേസുകളുമായി ബന്ധപ്പെട്ട വിവിധ ടെണ്ടറുകളെക്കുറിച്ചും അന്വേഷിച്ചിരുന്നു. എന്നാൽ ഈ ടെണ്ടറുകളിൽ പലതും അന്വേഷണ കാലഘട്ടത്തിനിടെ, അവസാനിപ്പിച്ചതാണ്. ഈ സാഹചര്യത്തിലാണ് കേസുകൾ തന്നെ അവസാനിപ്പിക്കുകയാണെന്ന് കാട്ടി എസിബി റിപ്പോർട്ട് നൽകുന്നത്. 

എന്നാൽ ഇത്തരമൊരു റിപ്പോർട്ട് ഈ സമയത്ത് ഒരു കോടതിയിൽ സമർപ്പിക്കപ്പെടുന്നതിന്‍റെ രാഷ്ട്രീയ പ്രാധാന്യം തള്ളിക്കളയാവുന്നതല്ല. പ്രത്യേകിച്ച് അഴിമതിക്കേസുകളിൽ കുടുങ്ങുമെന്ന് ഭയപ്പെടുത്തിയാണ് അജിത് പവാറിനെ മറുകണ്ടം ചാടിച്ചതെന്ന് ശിവസേനയും എൻസിപി നേതൃത്വവും കോൺഗ്രസും ആരോപിക്കുമ്പോൾ. എഴുപതിനായിരം കോടി രൂപയുടെ അഴിമതിക്കേസുകളാണിവയെന്നതും മറന്നുകൂടാ.