Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ് അധ്യക്ഷ ചര്‍ച്ച വഴിമുട്ടി: ആൻ്റണി ദില്ലിയിലെത്തി,ഗലോട്ടിൻ്റെ വിശ്വസ്തര്‍ക്കെതിരെ നടപടി വരും

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രമുള്ളപ്പോള്‍ രാജസ്ഥാന്‍ പ്രതിസന്ധിയില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ആരെന്ന ചിത്രം ഇപ്പോഴും തെളിഞ്ഞിട്ടില്ല.

AK Antony summoned by sonia beside AICC Chief election
Author
First Published Sep 27, 2022, 11:50 PM IST


ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ എ കെ ആന്‍റണിയെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡിൻറെ നിർണ്ണായക നീക്കം.അശോക് ഗലോട്ടിന് പകരം പുതിയ പേരുകളിൽ ചര്‍ച്ചകള്‍ തുടങ്ങിയതോടെയാണ് ആന്‍റണിയെ സോണിയ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചത്. അധ്യക്ഷനാകാനില്ലെന്ന് ദില്ലിക്ക് പുറപ്പെടും മുന്‍പ് എ കെ ആന്‍റണി പറഞ്ഞു. ഇതിനിടെ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഗലോട്ടിന്‍റെ 3 വിശ്വസ്തര്‍ക്ക്എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രമുള്ളപ്പോള്‍ രാജസ്ഥാന്‍ പ്രതിസന്ധിയില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ആരെന്ന ചിത്രം ഇപ്പോഴും തെളിഞ്ഞിട്ടില്ല. മത്സരിക്കാനില്ലെന്ന് കമല്‍നാഥും, രണ്ട് സെറ്റ് പത്രിക വാങ്ങിയ പവന്‍ ബന്‍സലും തുറന്നു പറഞ്ഞു കഴിഞ്ഞു. മാധ്യമങ്ങളെ കണ്ട അംബികസോണിയും മത്സര സാധ്യത തള്ളി. മുകുള്‍ വാസ്നിക്, ദിഗ് വിജയ് സിംഗ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരുടെ പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്ക് കേള്‍ക്കുന്നു.

സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന ആവശ്യവും  ഉയര്‍ന്നിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിലാണ് പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന അംഗമായ എ കെ ആന്‍റണിയെ സോണിയ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്.നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ പങ്കുവച്ച ആന്‍റണി എഐസിസി അധ്യക്ഷനാകാനില്ലെന്ന് പറഞ്ഞു.

മത്സര സാധ്യത പൂര്‍ണ്ണമായും തള്ളാതെയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോടുള്ള ദിഗ് വിജയ് സിംഗിന്‍റെ പ്രതികരണം. അച്ചടക്ക നടപടിയെടുത്താല്‍ തിരിച്ചടിയാകുമെന്ന് കണ്ട് അശോക് ഗലോട്ടിന് ക്ലീന്‍ ചിറ്റ് നല്‍കിയാണ്  എഐസിസി നിരീക്ഷകര്‍ റിപ്പോര്‍ട്ട് നല്‍കിയത്. സമാന്തര യോഗം നടത്തിയതിന് മന്ത്രി ശാന്തി ധരിവാള്‍, ചീഫ് വിപ്പ് മഹേഷ് ജോഷി, ധര്‍മ്മന്ദ്ര റാത്തോഡ് എംഎല്‍എ എന്നിവര്‍ 10 ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണം,  ഹൈക്കാമാന്‍ഡിനെ നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ദില്ലിയിലെത്തിയ സച്ചിന്‍ പൈലറ്റ് സോണിയ ഗാന്ധിയുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും.

Follow Us:
Download App:
  • android
  • ios