ദില്ലി: കാര്‍ഷിക നിയമഭേദഗതി ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അകാലിദൾ രാജിവെച്ചു. കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദൽ പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കേന്ദ്ര തീരുമാനത്തിനെതിരെ പഞ്ചാബിൽ കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കൂടിയാണ് രാജി.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി കൊണ്ടുവരുന്ന കാര്‍ഷിക ബില്ലുകളിൽ  പ്രതിഷേധിച്ചാണ് അകലിദൾ മന്ത്രിയായ ഹര്‍സിമ്രത് കൗര്‍
ബാദലിന്‍റെ രാജി. കേന്ദ്ര തീരുമാനത്തിനെതിരെ പഞ്ചാബിലും ഹരിയാനയിലും കര്‍ഷകരുടെ പ്രതിഷേധം ശക്തമാണ്. സമരരംഗത്തുള്ള കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാജിയെന്ന് അകാലികൾ വ്യക്തമാക്കി. ലോക്സഭയിൽ കാര്‍ഷിക ബില്ലിലെ ചര്‍ച്ചയിൽ പങ്കെടുത്ത അകാലിദൾ അദ്ധ്യക്ഷൻ സുഖ്ബീര്‍ സിംഗ് ബാദൽ ബില്ലിനെ പാര്‍ടി എതിര്‍ക്കുന്നതായും മന്ത്രിസഭയിൽ നിന്ന് രാജിവെക്കുമെന്നും പ്രഖ്യാപിച്ചു ."പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പമാണ് അകാലിദൾ, അകാലിദൾ കര്‍ഷകനിലപാടുകളിൽ നിന്ന് പുറകോട്ടു പോയിട്ടില്ല "- സുഖ്ബീര്‍ സിംഗ് ബാദൽ പറഞ്ഞു.

മന്ത്രിസഭയിൽ നിന്ന് രാജിവെച്ചെങ്കിലും ബി.ജെ.പി സര്‍ക്കാരിനുള്ള അകാലിദൾ പിന്തുണ തുടരും. ഒപ്പം സര്‍ക്കാരിന്‍റെ ഈ കാര്‍ഷിക നയത്തെ എതിര്‍ക്കുകയും ചെയ്യും. മന്ത്രിയുടെ രാജി കിട്ടിയെങ്കിലും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ നൽകുന്ന സൂചന. 

കാര്‍ഷിക മേഖലയിൽ വൻകിട കമ്പനികൾക്ക് കൂടുതൽ ഇളവുകൾ, ഉല്പന്നങ്ങൾക്ക് സംഭരിച്ചുവെക്കാനും എവിടെയും കൊണ്ടുപോയി വിൽക്കാനുള്ള സ്വാതന്ത്ര്യം, അവശ്യസാധനങ്ങളുടെ പട്ടികയിൽ വരുത്തുന്ന മാറ്റം എന്നിവയ്ക്കായുള്ള ബില്ലുകൾക്കെതിരെയാണ് പ്രതിഷേധം. പ്രതിഷേധങ്ങൾക്കിടെ  കാര്‍ഷികോല്പന്ന വ്യാപാര വാണിജ്യബിൽ ലോക്സഭ പാസാക്കി. കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയുടെ നേട്ടത്തിനും
വേണ്ടിയാണ് തീരുമാനങ്ങളെന്നായിരുന്നു ലോക്സഭയിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വിശദീകരിച്ചത്.