കൊറോണയെ പ്രതിരോധിക്കാനായി ഗുജറാത്തിലെ അഹമ്മദാബാദില്‍ നിരവധിപ്പേരാണ് ഗോശാലയിലെത്തി ശരീരം മുഴുവന്‍ ചാണകവും ഗോമൂത്രവും വാരിപ്പുരട്ടിയ സംഭവത്തിന് വിമര്‍ശനം

കൊവിഡ് ചികിത്സയ്ക്കായി ചാണകം ദേഹത്ത് വാരിപ്പുരട്ടുന്ന ആളുകള്‍ക്കെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കൊറോണയെ പ്രതിരോധിക്കാനായി ഗുജറാത്തിലെ അഹമ്മദാബാദില്‍ നിരവധിപ്പേരാണ് ഗോശാലയിലെത്തി ശരീരം മുഴുവന്‍ ചാണകവും ഗോമൂത്രവും വാരിപ്പുരട്ടിയത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇത് കണ്ട് കരയണോ അതോ ചിരിക്കണോ എന്ന കുറിപ്പോടെയാണ് ഗുജറാത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അഖിലേഷ് യാദവ് പങ്കുവച്ചിരിക്കുന്നത്.

അഹമ്മദാബാദിലെ ശ്രീ സ്വാമിനാരായണ്‍ ഗുരുകുല്‍ വിശ്വവിദ്യാ എന്ന സ്കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഗോമൂത്രവും ചാണകവും വാരിപ്പൂശിയ ശേഷം യോഗ ചെയ്യുന്നത് കൊവിഡ് 19 പ്രതിരോധിക്കുമെന്നും രോഗമുക്തി നല്‍കുമെന്നും അവകാശവാദത്തോടെയായിരുന്നു ഇത്. പന്ത്രണ്ടോളം ആളുകള്‍ ഇത്തരത്തില്‍ ചാണക മിശ്രിതം വാരിപ്പുരട്ടുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും.

Scroll to load tweet…

കൊവിഡ് ചികിത്സയ്ക്കായി ചാണകം ഉപയോഗിക്കരുതെന്നും ഇത്തരം പ്രചാരണത്തിന് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നും ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നതിനിടെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona