കോംപ്റ്റ് (COEMPT) കമ്പനിക്കായി കരാർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്ന് ആരോപണം. കരിമ്പട്ടികയിൽ ഉൾപെട്ടിരുന്ന കമ്പനികൾക്ക് അപേക്ഷിക്കാൻ ആകില്ല എന്ന നിബന്ധനയടക്കം മാറ്റം വരുത്തിയെന്നാണ് ആരോപണം.
ദില്ലി: ഒഎസ്എം മൂല്യനിർണയം നടപ്പാക്കാൻ സിബിഎസ്ഇ കരാർ നൽകിയ കോംപ്റ്റ് (COEMPT) കമ്പനിക്കായി കരാർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്ന് ആരോപണം. കരിമ്പട്ടികയിൽ ഉൾപെട്ടിരുന്ന കമ്പനികൾക്ക് അപേക്ഷിക്കാൻ ആകില്ല എന്ന നിബന്ധനയടക്കം മാറ്റം വരുത്തിയെന്നാണ് ആരോപണം. ഒഎസ്എമ്മിലെ സാങ്കേതിക പ്രശ്നം ട്രയൽ റണ്ണിൽ തന്നെ കണ്ടെത്തിയതായുള്ള റിപ്പോർട്ടും പുറത്തുവന്നു. അതേസമയം, പുനർമൂല്യ നിർണയത്തിനായി സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തി.
സ്വാർത്ഥക് സിദ്ധാന്ത് എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ഒഎസ്എം സംവിധാനം നടപ്പാക്കാനുള്ള കരാർ സംബന്ധിച്ച് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ടിസിഎസ്, കോംപ്റ്റ്, റാങ്ക്ഗുരു ടെക്നോളജി സൊല്യൂഷൻ എന്നീ സ്ഥാപനങ്ങളാണ് ടെൻഡർ നടപടികളിൽ അവസാന റൗണ്ടിൽ വരെ എത്തിയത്. എന്നാൽ കരാർ കോംപ്റ്റ്ന് നൽകാൻ കഴിയുന്ന വിധത്തിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്നാണ് ആരോപണം. കരിമ്പട്ടികയിൽ ഉൾപെട്ടിരുന്ന കമ്പനികൾക്ക് അപേക്ഷിക്കാൻ ആകില്ല എന്ന നിബന്ധനയിൽ മാറ്റം കൊണ്ടുവന്നു.
മുൻകാലം കരിമ്പട്ടികയിൽ പെട്ട കമ്പനിക്ക് അപേക്ഷിക്കാനാകില്ലെന്ന നിബന്ധന നിലവിൽ കരിമ്പട്ടികയിൽ പെട്ട സ്ഥാപനങ്ങൾ എന്നാക്കി. വാർഷിക ടേൺ ഓവറിലും വിവാദ കമ്പനിക്ക് അനുകൂലമായി നിബന്ധനകൾ തിരുത്തിയെന്നാണ് ആരോപണം. സാങ്കേതിക മാനദണ്ഡങ്ങളിലും ഇളവ് വരുത്തി ഒടുവിൽ കരാർ വിവാദ കമ്പനിക്ക് നൽകിയെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച ലേഖനം രാഹുൽഗാന്ധിയും എക്സിൽ പങ്കുവെച്ചു. ഒഎസ്എം നടപടികളിലെ തകരാർ തുടക്കത്തിലേ കണ്ടെത്തിയെന്നാണ് വിവരം.
സാങ്കേതിക പ്രശ്നം ട്രയൽ റണ്ണിൽ തന്നെ കണ്ടെത്തിയിരുന്നു. ജനുവരിയിൽ ദില്ലിയിലെ 5 സ്‌കൂളുകളിലാണ് ട്രയൽ റൺ നടത്തിയത്. ഇത് അവഗണിച്ചാണ് ഈ വർഷം പുതിയ രീതി നടപ്പാക്കിയത്. പുനർമൂല്യനിർണയത്തിനായുള്ള നടപടികൾ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി. തിങ്കളാഴ്ച മുതൽ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനാകും. ഇതിനായുള്ള പോർട്ടൽ തയാറാക്കിയത് ഐഐടിയിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ്. നടപടികളിലെ വീഴ്ച്ചയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിബിഎസ്ഇ ദേശീയ ആസ്ഥാനത്തേക്ക് ഇന്നും എൻ എസ് യു പ്രതിഷേധം നടത്തി.

