ആശുപത്രിയിലേക്ക് പോകും വഴി പുലിയെ കണ്ടെന്ന് പറഞ്ഞ് ആംബുലൻസ് നിർത്തി.ഡ്രൈവര്‍ 700 രൂപ അധികം ആവശ്യപ്പെട്ടു. ആശുപത്രിയില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് രോഗിക്ക് ദാരുണാന്ത്യം
ഭോപ്പാൽ: ആശുപത്രിലേക്ക് രോഗിയുമായി പോകുന്നതിനിടെ പുള്ളിപ്പുലിയെ കാണാൻ ആംബുലൻസ് നിർത്തിയതിനെ തുടർന്ന് രോഗി മരിച്ചു. മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലാണ് സംഭവം. പുള്ളിപ്പുലിയെ കണ്ടപ്പോൾ ഡ്രൈവർ വഴിയിൽ നിർത്തിയതിനെ തുടർന്ന് മലേറിയ ബാധിച്ച 20 വയസ്സുള്ള യുവാവാണ് മരിച്ചത്. യാത്ര പുനരാരംഭിക്കാൻ ആംബുലൻസ് ഡ്രൈവറും മെഡിക്കൽ അറ്റൻഡന്റും അധിക പണം ആവശ്യപ്പെട്ടതായി രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു. ആരോഗ്യ ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി. തുടർന്ന് ചൊവ്വാഴ്ച പ്രതികളായ ഇരുവരെയും അറസ്റ്റ് ചെയ്തു. ബാലഘട്ട് ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 95 കിലോമീറ്റർ അകലെ ബിർസ ബ്ലോക്കിലെ ജട്ട ഗ്രാമത്തിൽ താമസിക്കുന്ന ഗായത്രി ഉയികെ എന്ന രോഗിയെ ഞായറാഴ്ച വൈകുന്നേരം ബിർസ സിഎച്ച്സിയിൽ പ്രവേശിപ്പിച്ചിരുന്നു.
ആരോഗ്യനില വഷളായപ്പോൾ ഡോക്ടർമാർ അവരെ ബാലഘട്ട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. രാത്രി 10 മണിയോടെ സിഎച്ച്സിയിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടെങ്കിലും പുലർച്ചെ 12.15 ഓടെയാണ് ജില്ലാ ആശുപത്രിയിൽ എത്തിയത്. ഒരുമണിക്കൂറിനുള്ളിൽ എത്തേണ്ട യാത്ര വൈകിയതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ജീവനക്കാർ 700 രൂപ അധിക യാത്രാക്കൂലി ആവശ്യപ്പെട്ടതായി ബന്ധുക്കൾ ആരോപിച്ചു.
ആംബുലൻസ് ഒരു വനപ്രദേശത്ത് നിർത്തിയതായി രോഗിയുടെ കുടുംബം ആരോപിച്ചു. പുള്ളിപ്പുലിയെ കണ്ടതായി ജീവനക്കാർ അവകാശപ്പെട്ടതിനെ തുടർന്നാണ് ആംബുലൻസ് നിർത്തിയത്. രോഗിയുടെ അവസ്ഥ ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഡ്രൈവറോട് യാത്ര തുടരാൻ നിർബന്ധിച്ചപ്പോൾ 700 രൂപ കൂടി ആവശ്യപ്പെട്ടെങ്കിലും ഒടുവിൽ 600 രൂപയ്ക്ക് സമ്മതിച്ചു. പ്രതികൾക്കെതിരെ ബിഎൻഎസ് വകുപ്പുകൾക്ക് പുറമേ, എസ്‌സി/എസ്‌ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകളും ചുമത്തി.
