കൊല്‍ക്കത്ത: ബംഗാളില്‍ ദേശീയ പൗരത്വ രജിസ്ട്രേഷന്‍ നടപ്പിലാക്കുന്നതില്‍ ഉറച്ച് ബിജെപി. ഇതു സംബന്ധിച്ച സ്ഥിരീകരണം ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ എത്തുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തുമെന്നും  ബംഗാളിലെ ഹിന്ദുക്കള്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

'എന്‍ആര്‍സി അസ്സാമില്‍ നടപ്പിലാക്കിയിട്ടുണ്ട്. പക്ഷേ അത് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. എന്‍ആര്‍സിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 11 ഓളം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 

ബംഗാളില്‍ ആക്സിഡന്‍റില്‍ ജനങ്ങള്‍ മരിച്ചാലും മമത സര്‍ക്കാര്‍ അത് പൗരത്വ രജിസ്ട്രേഷന്‍ പട്ടികയുമായി ബന്ധപ്പെട്ടതാണെന്ന് വരുത്തിത്തീര്‍ക്കുകയും രണ്ട് ലക്ഷം ധനസഹായം നല്‍കുകയും ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ജനങ്ങള്‍ക്കിടയില്‍ ഭീതിവളര്‍ത്താനുള്ള ശ്രമമാണെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു. മമത സര്‍ക്കാര്‍ ശ്രമിക്കുന്നതും അതിനാണ്. പൗരത്വ ബില്ലിന് പാര്‍ലമെന്‍റിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. നടപ്പിലാക്കാന്‍ ഇനിയും സമയവുമുണ്ട്. എല്ലാ ഹിന്ദുക്കള്‍ക്കും പൗരത്വം ലഭിക്കുമെന്നും  അദ്ദേഹം പറഞ്ഞു. 

രാജ്യത്തെമ്പാടും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നും കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരൻമാരായി അംഗീകരിക്കൂ എന്നും  കഴിഞ്ഞ ദിവസം അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് അസ്സമിന് പിന്നാലെ ബംഗാളിലും സമഗ്രമായ പൗരത്വ പട്ടിക തയ്യാറാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ദേശീയ പൗരത്വ രജിസ്ട്രേഷന്‍ നടപ്പിലാക്കുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജി സര്‍ക്കാറും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. 

നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷായുമായി ദില്ലിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ അസ്സം ദേശീയ പൗരത്വ രജിസ്ട്രേഷന്‍ ചര്‍ച്ചയായതായി മമത വ്യക്തമാക്കിയിരുന്നു. എന്നാല്‍  ലക്ഷക്കണക്കിന് പേര്‍ അസ്സം എന്‍ ആര്‍സിയില്‍ നിന്നും പുറത്തായതായും അതിനാല്‍ പുനപരിശോധന വേണമെന്നും  ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു എന്നു മാത്രമാണ്  മമത അന്ന് പ്രതികരിച്ചത്. അന്ന് ബംഗാള്‍ വിഷയം ചര്‍ച്ച ചെയ്തില്ലെന്നും മമത വ്യക്തമാക്കിയിരുന്നു.