ദില്ലി: എന്‍ഐഎ ബില്ലില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസിയും തമ്മില്‍ വാക്പോര്. പാര്‍ലമെന്‍റില്‍ ബില്ലിന്മേലുള്ള ചര്‍ച്ചയിലാണ് ഇരുവരും തര്‍ക്കിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎ(ദേശീയ അന്വേഷണ ഏജന്‍സി)ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിന് നിയമഭേദഗതി വരുത്തുന്ന ബില്‍ കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ് അവതരിപ്പിച്ചപ്പോള്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രംഗത്തെത്തി.

ചില കേസുകളില്‍ അന്വേഷണ രീതി മാറ്റാന്‍ ഒരു രാഷ്ട്രീയ നേതാവ് ആവശ്യപ്പെട്ടതായി ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ പറഞ്ഞതായി സത്യപാല്‍ സിംഗ് ആരോപിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ആരോപണങ്ങള്‍ ഉന്നയിക്കുന്ന സത്യപാല്‍ തെളിവ് മേശപ്പുറത്ത് വെക്കണമെന്ന് ഒവൈസി ആവശ്യപ്പെട്ടതോടെ അമിത് ഷായും രംഗത്തെത്തി. പ്രതിപക്ഷ അംഗങ്ങള്‍ സംസാരിക്കുമ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ തടസ്സപ്പെടുത്തരുതെന്നും തിരിച്ചിങ്ങോട്ടും അങ്ങനെ തന്നെ വേണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ പഠിക്കണമെന്ന് ഒവൈസിയോടും അമിത് ഷാ കൈചൂണ്ടി ആവശ്യപ്പെട്ടു. തനിക്ക് നേരെ വിരല്‍ ചൂണ്ടി ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്ന് ഒവൈസിയും തിരിച്ചടിച്ചു. എന്നാല്‍, ആരെയും വ്യക്തിപരമായല്ല, പ്രതിപക്ഷത്തെയാണ് വിരല്‍ ചൂണ്ടിയതെന്നും അത് ഭീഷണിപ്പെടുത്തലല്ലെന്നും അമിത് ഷാ പറഞ്ഞു. നിങ്ങളുടെ മനസ്സില്‍ ഭയമുണ്ടെങ്കില്‍ എനിക്കെന്ത് ചെയ്യാനാകുമെന്നും അമിത് ഷാ ചോദിച്ചു.