Asianet News MalayalamAsianet News Malayalam

'ഇന്ത്യ സഖ്യം രക്ഷപ്പെടില്ല'; നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ

അധികാരക്കൊതിയുള്ളവരുടെ കൂട്ടമാണ് ഇന്ത്യ സഖ്യമെന്ന് കുറ്റപ്പെടുത്തിയ അമിത് ഷാ, ഇന്ത്യ സഖ്യം രക്ഷപ്പെടില്ലെന്നും നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ബിഹാറിലെ റാലിയില്‍ പറഞ്ഞു.

Amit Shah says Narendra Modi will become Prime Minister again nbu
Author
First Published Sep 16, 2023, 6:01 PM IST

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ സമ്പൂര്‍ണ്ണയോഗം ശനിയാഴ്ച ചേരും. പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ നിയമ നിര്‍മ്മാണ നീക്കം ഉണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായി. ഇതിനിടെ, ഇന്ത്യ സഖ്യം രക്ഷപ്പെടില്ലെന്നും നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ബിഹാറിലെ റാലിയില്‍ അമിത് ഷാ പറഞ്ഞു. 

തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനത്തിന്‍റെ അജണ്ട പുറത്ത് വിട്ടെങ്കിലും പ്രതിപക്ഷം ഇപ്പോഴും സര്‍ക്കാരിനെ വിശ്വാസത്തിലെടുത്തിട്ടില്ല. വിവാദ വിഷയങ്ങള്‍ അജണ്ടകളാകാമെന്നാണ് പ്രതിപക്ഷം കണക്ക് കൂട്ടുന്നത്. എന്നാല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കാനിടയില്ലെന്ന് ഏറെക്കുറെ വ്യക്തമാകുകയാണ്. പാര്‍ലമെന്‍റ് സമ്മേളനം കഴിയുന്നതിന്‍റെ പിറ്റേന്നാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അധ്യക്ഷതയില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണയോഗം ചേരുന്നത്. പിന്മാറിയ അധിര്‍ രഞ്ജന്‍ ചൗധരി ഒഴികെ സമിതിയിലെ ഏഴംഗങ്ങളും പങ്കെടുക്കുമെന്നാണ് വിവരം. ഭരണഘടനയിലും, ജനപ്രാതിനിധ്യനിയമത്തിലും വരുത്തേണ്ട മാറ്റങ്ങളടക്കം ചര്‍ച്ചയില്‍ വരും. പൂര്‍ണ്ണ ചിത്രം സര്‍ക്കാരിന്  നല്‍കണമെങ്കില്‍ സമിതിക്ക് വീണ്ടും യോഗങ്ങള്‍ ചേരേണ്ടി വരും. 

അതേസമയം, പാര്‍ലമെന്‍റ് സമ്മേളനത്തിലടക്കം സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് പിന്നാലെ അമിത് ഷായും ഇന്ത്യ സഖ്യത്തിനെതിരെ വിമര്‍ശനം ശക്തമാക്കി. അധികാരക്കൊതിയുള്ളവരുടെ കൂട്ടമാണ് ഇന്ത്യ സഖ്യമെന്ന് കുറ്റപ്പെടുത്തിയ അമിത് ഷാ, 
ഇന്ത്യ സഖ്യം രക്ഷപ്പെടില്ലെന്നും നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ബിഹാറിലെ റാലിയില്‍ പറഞ്ഞു. യുപിഎ എന്ന പേര് പറയാൻ പ്രതിപക്ഷത്തിന് നാണക്കേടാണ്. 12 ലക്ഷം കോടിയുടെ അഴിമതിയാണ് നടത്തിയത്. പുതിയ പേരുമായി സഖ്യമെത്താൻ കാരണം ഈ അപമാനഭാരമാണെന്നും അമിത് ഷാ പരിഹസിച്ചു. 

അതിനിടെ, ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഇന്ത്യ സഖ്യത്തിന്‍റെ സീറ്റ് വിഭജന ചര്‍ച്ച ഒക്ടോബറോടെ പൂര്‍ത്തിയായേക്കില്ലെന്ന സൂചന പുറത്ത് വന്നു. അഞ്ച് സംസ്ഥാനങ്ങളിലെ  നിയമസഭ തെരഞ്ഞെടുപ്പ് ഫലം കൂടി നോക്കിയ ശേഷം ധാരണയാകാമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. വേഗത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ച ബിഹാറിലും മഹാരാഷ്ട്രയിലും പോലും കടമ്പകള്‍ ഏറെയാണ്.

Follow Us:
Download App:
  • android
  • ios