ഗുവാഹത്തി: രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക്  പ്രത്യേക പരിരക്ഷ നല്‍കുന്ന ഭരണഘടനയുടെ 371-ാം അനുച്ഛേദം  റദ്ദാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അനുച്ഛേദം 371നെ ബഹുമാനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററിനെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അസം സന്ദര്‍ശനം. 

ഗുവാഹത്തിയില്‍ നടക്കുന്ന വടക്കുകിഴക്കന്‍ വികസന കൗണ്‍സില്‍ യോഗത്തില്‍ അമിത് ഷാ പങ്കെടുത്തു. ഈ യോഗത്തിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക പരിരക്ഷ റദ്ദാക്കില്ലെന്ന നിര്‍ണായക പ്രഖ്യാപനമുണ്ടായത്. ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും 19 ലക്ഷം പേര്‍ പുറത്തായതിനെത്തുടര്‍ന്നുള്ള അസമിലെ സ്ഥിതിഗതികള്‍ അമിത് ഷാ വിലയിരുത്തി. അസം മുഖ്യമന്ത്രിയടക്കമുള്ള സംസ്ഥാനത്തെ നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും, അമിത് ഷാ പ്രത്യേകം കണ്ടു.

ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ സംസ്ഥാനത്തെ ബിജെപി മന്ത്രിമാർ തന്നെ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് നേതാക്കളുമായുള്ള കൂടിക്കാഴ്ച. അസമിലെ അന്തിമ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ ബിജെപിയുടെ പരമ്പരാഗത വോട്ടര്‍മാര്‍ക്കിടയില്‍ പുകയുന്ന അസംതൃപ്തി പാർട്ടിക്ക് തലവേദനയാവുകയാണ്. രജിസ്റ്ററിൽ പുനഃപരിശോധന വേണം എന്ന നിലപാടാണ് പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ക്കുളളത്.

സുപ്രീംകോടതിയെ സമീപിക്കുകയോ നിയമനിര്‍മ്മാണം നടത്തുകയോ വേണം എന്നാണ് അസമിലെ ബിജെപി നേതാക്കളുടെ ആവശ്യം. അതിർത്തി ജില്ലകളിൽ അനർഹരെ ഉഉൾപ്പെടുത്തിയെന്നാണ് സംസ്ഥാന ധനമന്ത്രി ഹിമന്ത ബിശ്വാസ് പ്രതികരിച്ചത്. അസമിൽ സുരക്ഷാ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്നത് ആറു മാസത്തേക്ക് കൂടി നീട്ടി. സംസ്ഥാനത്തെ പല ജില്ലകളും പ്രശ്നസാധ്യതയുള്ളതെന്ന് വിലയിരുത്തിയാണ് നടപടി.