ഹൈദരാബാദ്: സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കാണാൻ സ്വിറ്റ്‌സർലൻഡിലേക്ക് പുറപ്പെട്ട ആന്ധ്രാ പ്രദേശ് സ്വദേശി പാകിസ്ഥാനിൽ പിടിയിൽ. ഹൈദരാബാദിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‍വെയർ എഞ്ചിനീയർ ആയ പ്രശാന്ത് വൈദാനം എന്നയാളാണ് പാകിസ്ഥാനിലെ ചോലിസ്ഥാനിൽ പിടിയിലായത്. അനധികൃതമായി അതിർത്തി ലംഘിച്ച് രാജ്യത്ത് കടന്നെന്ന് കാണിച്ചായിരുന്നു പാക് അധികൃതർ പ്രശാന്തിനെ പിടികൂടിയത്.

പ്രശാന്തിനൊപ്പം മധ്യപ്രദേശ് സ്വദേശിയെയും പാക് അധികൃതർ പിടികൂടിയിട്ടുണ്ട്. രാജസ്ഥാൻ വഴി പാകിസ്ഥാനിലേക്ക് കടക്കവെയാണ് ഇന്ത്യൻ പൗരൻമാരെ പിടികൂടുന്നത്. മതിയായ രേഖകളില്ലാതെയാണ് ഇരുവരും അതിർത്തി വഴി പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ചത്. നവംബർ 14ന് ബഹാവൽപൂർ ജില്ലയിലെ മരുഭൂമിക്കടുത്ത് വച്ചാണ് ഇരുവരേയും പിടികൂടിയതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടുവര്‍ഷം മുന്‍പാണ് പ്രശാന്തിനെ വിശാഖപട്ടണത്ത് നിന്ന് കാണാതായത്.

ഓൺലൈൻ വഴി പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ കാണാൻ സ്വിറ്റ്‌സർലൻഡിലേക്ക് പുറപ്പെട്ടതാണ് താനെന്ന് പ്രശാന്ത് ഉദ്യോ​ഗസ്ഥരോട് പറഞ്ഞു.  എന്നാൽ, ഏതുവഴിയാണ് പ്രശാന്ത് പാകിസ്ഥാനിലേക്ക് കടന്നതെന്ന വിവരങ്ങൾ ലഭ്യമല്ല. ഇതുസംബന്ധിച്ച വിവരങ്ങൾ അന്വേഷിച്ചുവരുകയാണ് പൊലീസ്. അതേസമയം, പാക് പൊലീസിന്റെ പിടിയിലായ പ്രശാന്തിന്റെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ഒരു മാസത്തിനുള്ളിൽ താൻ ജയിലിൽ നിന്ന് മോചിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രക്ഷിതാക്കളെ അറിയിക്കുന്നതായിരുന്നു വീഡിയോ. തെലുങ്കിലായിരുന്നു പ്രശാന്ത് രക്ഷിതാക്കൾക്ക് സന്ദേശം കൈമാറിയത്.

'മമ്മിക്കും ഡാഡിക്കും സുഖമല്ലേ? പൊലീസ് സ്റ്റേഷനിൽനിന്ന് അവരെന്നെ കോടതിയിൽ ഹാജരാക്കി. ഇനി ജയിലേക്ക് കൊണ്ടുപോകും. ശേഷം ഇന്ത്യൻ എംബസ്സിയെ വിവരമറിയിക്കും. അതിന് ശേഷം എനിക്ക് നിങ്ങളുമായി ബന്ധപ്പെടാൻ സാധിക്കും. ജാമ്യത്തിന് വേണ്ട കാര്യങ്ങളൊക്കെ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും ജയിലിൽ കഴിയുന്നവരെ കൈമാറാറുണ്ട്. പക്ഷെ അതിന് കുറച്ച് സമയമെടുക്കും', പ്രശാന്ത് പറഞ്ഞു. പാക് പൊലീസിന്റെ അനുവാദം വാങ്ങിയായിരുന്നു പ്രശാന്ത് തെലുങ്കിൽ സംസാരിച്ചത്.