കേരളത്തിലെ പതിനൊന്നാം ക്ളാസ് പരീക്ഷ നടത്തിപ്പിൽ തീരുമാനം  സുപ്രീംകോടതി കേരള ഹൈക്കോടതിക്ക് വിട്ടിരിക്കുകയാണ്. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികളോട് കേരള ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിശാഖപട്ടണം: സുപ്രീംകോടതിയിൽ നിന്നും രൂക്ഷവിമ‍ർശനമുണ്ടായതിന് പിന്നാലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി ആന്ധ്രാപ്രദേശ് സ‍ർക്കാർ. പന്ത്രണ്ടാം ക്ളാസ് പരീക്ഷ നടത്തിപ്പിനായി അനുമതി തേടിയ ആന്ധ്ര സര്‍ക്കാരിനെ നേരത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് രണ്ടാം തരംഗത്തിൽ സംഭവിച്ചത് എന്തെന്ന് എല്ലാവര്‍ക്കും അറിയാം. മൂന്നാംതരംഗത്തിന്‍റെ ആശങ്കകളും ഉണ്ട്. അതിനിടയിൽ പരീക്ഷ നടത്തുക തന്നെ വേണം എന്ന നിര്‍ബന്ധം എന്തിനെന്ന് ആന്ധ്ര സര്‍ക്കാരിനോട് ചോദിച്ച കോടതി ഈ പറഞ്ഞതൊക്കെ കേരളത്തിനോട് കൂടിയാണെന്നും ഓര്‍മ്മിപ്പിച്ചിരുന്നു. പന്ത്രണ്ടാം ക്ളാസ് സംസ്ഥാന പരീക്ഷകൾ റദ്ദാക്കിയ സംസ്ഥാനങ്ങളോട് മൂല്യനിര്‍ണയത്തിനുള്ള ഫോര്‍മുള പത്ത് ദിവസത്തിനം തയ്യാറാക്കാൻ നിര്‍ദ്ദേശിച്ച കോടതി 12-ാം ക്ളാസ് ഫലപ്രഖ്യാപനം പ്രഖ്യാപനം ജൂലായ് 31നകം നടത്തണമെന്നും ആവശ്യപ്പെട്ടു.

കേരളത്തിലെ പതിനൊന്നാം ക്ളാസ് പരീക്ഷ നടത്തിപ്പിൽ തീരുമാനം സുപ്രീംകോടതി കേരള ഹൈക്കോടതിക്ക് വിട്ടിരിക്കുകയാണ്. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികളോട് കേരള ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പിൽ വീഴ്ചയുണ്ടായാൽ സംസ്ഥാനത്തിന് മാത്രമായിരിക്കും അതിന്‍റെ ഉത്തരവാദിത്തമെന്ന് കോടതി മുന്നറിയിപ്പ് നൽകി. പന്ത്രണ്ടാം ക്ളാസ് സംസ്ഥാന സിലബ് പരീക്ഷകളുടെ ഫലപ്രഖ്യാപനം ജൂലായ് 31നകം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

കേരളത്തിലെ പതിനൊന്നാം ക്ളാസ് സംസ്ഥാന സിലബസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികൾ നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സെപ്റ്റംബര്‍ മാസത്തിൽ പരീക്ഷ നടത്തുമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു. സെപ്റ്റംബര്‍ വരെ പതിനൊന്നാം ക്ളാസ് പരീക്ഷ നീട്ടിക്കൊണ്ടുപോകുന്നതിൽ അതൃപ്തി അറിയിച്ച കോടതി കുട്ടികളെ പ്രതിസന്ധിയിലാക്കരുതെന്ന് പറഞ്ഞു. 

പന്ത്രണ്ടാം ക്ളാസ് പഠനം തുടങ്ങിക്കഴിഞ്ഞ വിദ്യാര്‍ത്ഥികളോടാണ് ഇപ്പോൾ പതിനൊന്നാം ക്ളാസ് പരീക്ഷ എഴുതാൻ ആവശ്യപ്പെടുന്നത്. പരീക്ഷ നടത്തിപ്പ് ഏതെങ്കിലും കുട്ടിയെ ബാധിച്ചാൽ അതിന്‍റെ ഉത്തരവാദിത്തം സംസ്ഥാനത്തിന് മാത്രമായിരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. പിന്നീട് കേരളത്തിലെ പതിനൊന്നാം ക്ളാസ് പരീക്ഷ നടത്തിപ്പിൽ ഇടപെടുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട കുട്ടികളോട് കേരള ഹൈക്കോടതിയിൽ ഹര്‍ജി നൽകാൻ നിര്‍ദ്ദേശിച്ചു. പന്ത്രണ്ടാം ക്ളാസ് പരീക്ഷകളെ കുറിച്ചുള്ള കേസുകൾക്കാണ് ഇപ്പോൾ പ്രാമുഖ്യം നൽകുന്നതെന്നും ജസ്റ്റിസ് എ.എം.ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ കോടതി വ്യക്തമാക്കി.