ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് അനില്‍ ആന്റണി
സ്വന്തം മണ്ണിനും ആളുകള്‍ക്കുമെതിരായ തീവ്രവാദത്തിന് എതിരായി പോരാടാനുള്ള ഇസ്രയേല്‍ തീരുമാനത്തില്‍ ഒരു മനസാക്ഷിക്കുത്തും ഇല്ല

തിരുവനന്തപുരം: ഇസ്രയേൽ ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഎന്‍ പ്രമേയത്തില്‍ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെ പിന്തുണച്ച് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനെയും പ്രധാനമന്ത്രിയേയും അനില്‍ ആന്റണി പ്രശംസിക്കുന്നു. ഇന്ത്യ പ്രായോഗിക ദ്വിരാഷ്ട്രമെന്ന പരിഹാരത്തിനായാണ് വാദിക്കുന്നത്. ഇരു ഭാഗത്തുമുള്ള രാജ്യങ്ങളുമായും ഇന്ത്യയുടേത് നല്ല ബന്ധമാണ്. ഇസ്രയേല്‍ രാജ്യത്തിന്റെ പ്രധാനപ്പെട്ടതും തന്ത്രപരമായും സുരക്ഷാ പരമായുമുള്ള കാര്യങ്ങളിലും തീവ്രവാദ വിരുദ്ധ പങ്കാളികളുമാണ്.
നരേന്ദ്ര മോദിയാണ് ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി. കാലങ്ങളായി തീവ്ര ഇസ്ലാമിക ഭീകരതയുടെ ഏറ്റവും വലിയ ഇരകളിൽ ഒന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ സമീപ കാലത്ത് ഇസ്രായേലിൽ നടന്ന ഭീകരാക്രമണത്തിൽ സഹതപിക്കുന്നു. നിരപരാധികളായ സാധാരണക്കാരെ ബന്ദികളാക്കിയതിനെ ഒരിക്കലും അംഗീകരിക്കാനാവില്ല. തീവ്രവാദത്തോട് അസഹിഷ്ണുതയാണുള്ളത്. സ്വന്തം മണ്ണിനും ആളുകള്‍ക്കുമെതിരായ തീവ്രവാദത്തിന് എതിരായി പോരാടാനുള്ള ഇസ്രയേല്‍ തീരുമാനത്തില്‍ ഒരു മനസാക്ഷിക്കുത്തും ഇല്ല. യുഎന്നിലെ ഇന്ത്യന്‍ നിലപാടില്‍ തെറ്റു കണ്ടെത്തുന്നവര്‍ അവരുടെ നിഘണ്ടുവില്‍ തീവ്രവാദമെന്ന വാക്ക് ഇല്ലാത്തവരാണ്. പ്രത്യയശാസ്ത്രപരമായ ചായ്‌വുകളാണ് അവരെ ഈ തീവ്ര മതമൗലികവാദികളുമായി കൈകോർക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും അനില്‍ ആന്റണി കുറിക്കുന്നു.
മലപ്പുറത്ത് സോളിഡാരിറ്റി സംഘടനകള്‍ ഹമാസ് നേതാവ് ഖാലിദ് മിഷാലിനെ വലിയൊരു സദസ്സിനെ അഭിസംബോധന ചെയ്യാൻ വിളിച്ചതിനെതിരെ രൂക്ഷ വിമര്‍ശനമാണ് അനില്‍ നടത്തിയത്. മതമൗലിക പ്രസ്ഥാനങ്ങള്‍ക്ക് ഇന്ത്യ സഖ്യത്തിന്റെ അനിയന്ത്രിത പിന്തുണയാണ് ലഭിക്കുന്നതെന്നും കേരളത്തില്‍ സംഭവിക്കുന്നതെന്താണെന്നുമാണ് മറ്റൊരു കുറിപ്പില്‍ അനില്‍ ചോദിക്കുന്നത്.
ഇസ്രയേൽ ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ പൊതു സഭയിൽ അവതരിപ്പിച്ച പ്രമേയം 14നെതിരെ 120 വോട്ടുകൾക്ക് പാസ്സായിരുന്നു. എന്നാല്‍ ഇന്ത്യയടക്കം 45 രാജ്യങ്ങൾ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. സംഘർഷം ഇരുപക്ഷവും ചർച്ചയിലൂടെ പരിഹരിക്കണം എന്നാണ് നിലപാടെന്ന് ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനേക്കുറിച്ച് പ്രതികരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം