ഏഴ് വയസ്സ് പ്രായമുള്ള മൈലോ എന്ന ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായയെയാണ് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ മൂന്നിനായിരുന്നു സംഭവം. 

ഗുവാഹത്തി: ഗോള്‍ഡന്‍ റിട്രീവര്‍ (Golden Retriever)നായയെ (Dog) കൊലപ്പെടുത്തിയ രണ്ട് പേരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയാല്‍ 60000 രൂപ പ്രതിഫലമായി നല്‍കുമെന്ന് മൃഗസ്‌നേഹികളുടെ സംഘടന. മണിപ്പൂര്‍ (Manipur) കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മണിപ്പൂര്‍ ഡോഗ് ലവേഴ്‌സ് ക്ലബ്, യെനിങ് ആനിമല്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകളാണ് പ്രതിഫലം പ്രഖ്യാപിച്ചത്.

ഏഴ് വയസ്സ് പ്രായമുള്ള മൈലോ എന്ന ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായയെയാണ് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ മൂന്നിനായിരുന്നു സംഭവം. മുഖംമൂടിയണിഞ്ഞ് ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗ സംഘം വടികൊണ്ട് അടിച്ച് നായയെ കൊന്നതിന് ശേഷം മൃതദേഹവുമായി മുങ്ങുകയായിരുന്നു. നായയുടെ ഉടമ ലോങ്ജം അനന്ത്കുമാറിന്റെ വീടിന് മുന്നില്‍വെച്ചായിരുന്നു ക്രൂരത. സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.

തുടര്‍ന്നാണ് മൃഗസ്‌നേഹികളുടെ സംഘടനകള്‍ രംഗത്തെത്തിയത്. നായ കൊല്ലപ്പെട്ട ശേഷം കുടുംബം അതീവ ദുഃഖിതരാണെന്നും ഭക്ഷണം പോലും കഴിക്കുന്നില്ലെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. മൈലോയെ കൊന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില വിഭാഗം പട്ടിയിറച്ചി ഭക്ഷിക്കുന്നവരാണ്. മൈലോയെ ഭക്ഷണത്തിനായി കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. മൈലോക്ക് നീതി ലഭിക്കാനായി പോസ്റ്റര്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്.