Asianet News MalayalamAsianet News Malayalam

സവര്‍ക്കര്‍ ഭാരതരത്‍ന അര്‍ഹിക്കുന്നെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ

രാജ്യത്തിനായ് ത്യാഗം ചെയ്തവർക്ക് ഭാരതരത്ന നൽകണം. രാഷ്ട്രീയ നേട്ടത്തിനായ് സവർക്കറെ ഉപയോഗിക്കരുതെന്നും അണ്ണാ ഹസാരെ 

Anna Hazare says v d Savarkar deserve Bharat Ratna
Author
Delhi, First Published Oct 19, 2019, 9:15 AM IST

ദില്ലി: ആർഎസ്എസ് സൈദ്ധാന്തികൻ വി ഡി സവർക്കർ ഭാരതരത്ന അർഹിക്കുന്നെന്ന് ഗാന്ധിയൻ അണ്ണാ ഹസാരെ ഏഷ്യാനെറ്റ് ന്യൂസിനോട്. സവർക്കറെ എതിർക്കുന്നതിന് പിന്നിൽ വെറും രാഷ്ട്രീയം മാത്രമാണെന്നും അണ്ണാ ഹസാരെ വിമർശിച്ചു. മഹാരാഷ്ട്രയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു വി ഡി സവർക്കർക്ക് ഭാരതരത്ന നൽകാൻ ശുപാർശ ചെയ്യുമെന്നത്. പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിക്കുന്നതിനിടെയാണ് ബിജെപിയെ പിന്തുണച്ച് അണ്ണാ ഹസാരെ എത്തുന്നത്. സ്വാതന്ത്ര സമരകാലത്ത് സവർക്കർ അനുഭവിച്ച ദുരിതം  ഭാരതരത്ന അർഹിക്കുന്നെന്നാണ് ഹസാരെ പറയുന്നത്.

രാജ്യത്തിന് വേണ്ടിയാണ് സവർക്കർ ജയിലിൽ കിടന്നത്. രാജ്യത്തിനായ് ത്യാഗം ചെയ്തവർക്ക് ഭാരതരത്ന നൽകണമെന്നാണ് ഹസാരെയുടെ വാദം. അതേസമയം ഗാന്ധി വധത്തിലടക്കം സവർക്കറുടെ പങ്കിനെപറ്റിയുള്ള കപൂർ കമ്മറ്റിയുടെ കണ്ടെത്തലിനെക്കുറിച്ച് പ്രതികരിക്കാൻ അണ്ണാ ഹസാരെ തയ്യാറിയില്ല. സവർക്കർക്കെതിരെ ഇപ്പോൾ ഉയരുന്ന എതിർപ്പുകളൊക്കെ രാഷ്ട്രീയ പകപോക്കലാണെന്നാണ് ഹസാരെ വിശദീകരിക്കുന്നത്. ബിജെപി ഹിന്ദുത്വ ശക്തിയാണെന്ന വിമർശനങ്ങളെയും ഹസാരെ എതിർത്തു.  

ജനവിധിയാണ് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്നും അത് മാനിക്കണമെന്നും ഹസാരെ പറഞ്ഞു. കഴിഞ്ഞ ദിവസം സവർക്കറെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മൻമോഹൻസിംഗും രംഗത്തെത്തിയിരുന്നു. സവര്‍ക്കറുടെ ഹിന്ദുത്വ അജണ്ടയോട് രാഷ്ട്രീയപരമായി വിയോജിക്കുന്നുണ്ടെങ്കിലും ഒരു വ്യക്തിയെന്ന നിലയില്‍ സവര്‍ക്കറോട് യാതൊരു എതിര്‍പ്പുമില്ലെന്നായിരുന്നു മന്‍മോഹന്‍സിംഗ് പറഞ്ഞത്. സ്വാതന്ത്ര്യ സമരത്തിലെ സവര്‍ക്കറുടെ പങ്കിനെ ബഹുമാനിക്കുന്നെന്നും മന്‍മോഹന്‍സിംഗ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖ ഗാന്ധിയനായ അണ്ണാ ഹസാരെയുടെ പ്രതികരണം. 
 

Follow Us:
Download App:
  • android
  • ios