Asianet News MalayalamAsianet News Malayalam

പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം; 'ഇന്ത്യയിൽ ഇനി ആക്രമണമുണ്ടായാൽ പ്രശ്നമാകും'

തീവ്രവാദികൾക്ക് സുരക്ഷിത താവളങ്ങളൊരുക്കുന്നതിനോട് ഒരു തരത്തിലും സഹിഷ്ണുത കാണിക്കില്ലെന്നാണ് ട്രംപ് ഭരണകൂടം പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

Another Terror Attack On India Will Be "Extremely Problematic says US To Pak
Author
New Delhi, First Published Mar 21, 2019, 11:47 AM IST

വാഷിംഗ്‍ടൺ: ഇനി ഇന്ത്യയിലൊരു ഭീകരാക്രമണമുണ്ടായാൽ അടങ്ങിയിരിക്കില്ലെന്ന് പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം. രാജ്യത്തെ ഭീകരകേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കണമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അത് ലോകരാജ്യങ്ങൾക്ക് ബോധ്യപ്പെടുന്ന നടപടിയായിരിക്കണം. പേരിനൊരു നടപടിയിൽ കാര്യം അവസാനിക്കില്ലെന്നും  അമേരിക്ക മുന്നറിയിപ്പ് നൽകുന്നു. 

''പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ജയ്ഷെ മുഹമ്മദ്, ലഷ്കർ ഇ ത്വയ്യിബ എന്നീ ഭീകരസംഘടനകൾക്ക് നേരെ, ശക്തമായ നടപടിയെടുത്തു എന്നതിന് തെളിവുകൾ ഞങ്ങൾക്കാവശ്യമുണ്ട്. കശ്മീർ മേഖലയിൽ വീണ്ടും സംഘർഷമുണ്ടാകാതിരിക്കുകയും വേണം. ഇക്കാര്യം പാകിസ്ഥാനെ അറിയിച്ചു കഴിഞ്ഞു.'' വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കി. 

''ഇത്തരം ഒരു നടപടിയെടുക്കാതിരിക്കുകയം ഇന്ത്യയിൽ വീണ്ടുമൊരു ഭീകരാക്രമണം ഉണ്ടാവുകയും ചെയ്താൽ, പിന്നെ പാകിസ്ഥാന് കാര്യങ്ങൾ എളുപ്പമാവില്ല. ഇത് അതിർത്തിയിൽ വീണ്ടും ഇന്ത്യ - പാക് സംഘർഷത്തിന് വഴി വയ്ക്കും. ഇത് ഇരുരാജ്യങ്ങൾക്കും ഭീഷണിയുമാണ്.'' വൈറ്റ് ഹൗസ് പ്രതിനിധി പറയുന്നതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. 

ചൈനയ്ക്ക് എതിരെ അമേരിക്ക

മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്നതിനെതിരെ ചൈന വീറ്റോ നീക്കം നടത്തുന്നതിനെതിരെ ശക്തമായ എതിർപ്പാണ് അമേരിക്ക രേഖപ്പെടുത്തുന്നത്. ''മസൂദ് അസറിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് രാജ്യാന്തര സമൂഹത്തിന്‍റെ ഒപ്പം ചേർന്ന് പാകിസ്ഥാനോട് പറയാൻ ചൈനയ്ക്ക് ഉത്തരവാദിത്തമുണ്ട്.'' വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കി.

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യക്ക് പിന്തുണയുമായി ലോകരാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്രസഭയ്ക്ക് മുമ്പിൽ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന പ്രമേയം കൊണ്ടുവന്നു. എന്നാൽ ഇതിന് ഉടക്കിട്ടത് ചൈനയാണ്. വീറ്റോ അധികാരം ഉപയോഗിച്ച് ഈ നീക്കം ചൈന തടഞ്ഞു. 

പാകിസ്ഥാൻ എത്രത്തോളം ഭീകരസംഘടനകൾക്ക് നേരെ നടപടിയെടുത്തെന്ന് വിലയിരുത്താനാകില്ലെന്നാണ് ഇപ്പോൾ അമേരിക്ക കരുതുന്നത്. ജയ്ഷെ മുഹമ്മദിന്‍റെ സ്വത്തുക്കൾ മരവിപ്പിച്ചതുൾപ്പടെ അമേരിക്ക പരിശോധിച്ചു വരികയാണ്. ജയ്ഷെ മുഹമ്മദ് കേന്ദ്രങ്ങളുടെ നിയന്ത്രണം പാകിസ്ഥാൻ ഏറ്റെടുത്തോ എന്നും അമേരിക്ക പരിശോധിക്കുന്നുണ്ട്. 

എന്നാൽ ഈ നടപടികളിൽ മാത്രം തൃപ്തരാകില്ലെന്ന നിലപാടാണ് അമേരിക്ക ആവർത്തിക്കുന്നത്. ഇനിയൊരിക്കലും ഭീകരസംഘടനകൾക്ക് തിരികെ വന്ന് ആക്രമണം നടത്താൻ കഴിയാത്ത വിധം നടപടി വേണം. പലപ്പോഴും പല ഭീകരസംഘടനകളുടെയും നേതാക്കൾ അതിർത്തി കടന്ന് യാത്ര ചെയ്യുന്നതും രാജ്യത്ത് റാലികൾ നടത്തുന്നതും കണ്ടിട്ടുണ്ട്. ഇത് അനുവദിക്കാനാകില്ലെന്നും അമേരിക്ക പറയുന്നു. 

Follow Us:
Download App:
  • android
  • ios