ബംഗളൂരു: കർണാടകയിൽ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിക്കുകയോ  ദുരാചാരങ്ങൾ നടത്തുകയോ ചെയ്താൽ കടുത്ത ശിക്ഷ. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം നടപ്പാക്കികൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.പുതിയ നിയമപ്രകാരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍  ഇനി ഏഴുവർഷംവരെ തടവും 50,000 രൂപവരെ പിഴയും ശിക്ഷ അനുഭവിക്കേണ്ടിവരും. 

2017ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്ത്  മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം കൊണ്ടു വന്നത്. നിയമസഭ പാസാക്കിയ ബില്ലിന് ഗവര്‍ണര്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ അന്ന് ബില്ലിനെ എതിര്‍ത്തിരുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇപ്പോള്‍ നിയമം  നടപ്പാക്കി വിജ്ഞാപനം പുറത്തിരിക്കിയിരിക്കുന്നത്.

പുതിയ നിയമ പ്രകാരം അഭിചാരവും ദുര്‍മന്ത്രവാവും ഇനി കര്‍ണാടകയില്‍ കുറ്റകരമാണ്. എല്ലാ അന്ധവിശ്വാസങ്ങളും ക്രിമിനല്‍ കുറ്റമാകും. കൂടാതെ 16 ദുരാചരങ്ങളും നിരോധിച്ചിട്ടുണ്ട്. ആഭിചാരം, ദുര്‍മന്ത്രവാദം, നിധിക്കുവേണ്ടിയുള്ള പൂജ, ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ ഉരുളുക, സ്ത്രീകളെ വിവസ്ത്രയാക്കി നിര്‍ത്തല്‍, നഗ്നനാരീ പൂജ, നരബലി, മൃഗങ്ങളുടെ കഴുത്തില്‍ കടിച്ച് കൊല്ലുക, കനലിലൂടെ നടക്കുക, വശീകരണ ഉപാധികളും പൂകളും, ഇതിനായി പരസ്യം നല്‍കുക, പൂജകളിലൂടെ അസുഖം മാറ്റല്‍, കുട്ടികളെ ഉപയോഗിച്ചുള്ള ആചാരങ്ങള്‍ തുടങ്ങിയവയാണ് നിരോധിച്ചിരിക്കുന്നത്.

ശാസ്ത്രാവബോധം വളര്‍ത്തി ആരോഗ്യകരമായ സാമൂഹിക അന്തരീക്ഷം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നാണ് നിയമത്തില്‍ പറയുന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായി നിലപാട് സ്വീകരിച്ച ഗൗരി ലങ്കേഷും എംഎം കല്‍ബര്‍ഗിയും കൊല്ലപ്പെട്ടതിന് പിന്നാലെ നിയമം നടപ്പാക്കാനായി വിവിധ തുറകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു.