അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും, മൗലികാവകാശത്തിന്‍റെയും ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടാസ് പെഗാസസ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചത്

ദില്ലി: പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് രാജ്യസഭ എംപി ജോൺ ബ്രിട്ടാസ്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ തന്നെ പെഗാസസ് ചോർച്ച അന്വേഷിക്കണമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും മൗലികാവകാശത്തിന്‍റെയും ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടാസ് പെഗാസസ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചത്. ഫോ‍ർബിഡൺ സ്റ്റോറീസ് എന്ന കൂട്ടായ്മയിലൂടെ ലോകമെമ്പാടുമുള്ള 16 മാധ്യമസ്ഥാപനങ്ങൾ ചേർന്നാണ് പെഗാസസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. 

ചാര സോഫ്റ്റ്‍വെയറിലൂടെ കേന്ദ്ര മന്ത്രിമാര്‍, നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് മുന്‍പ് ഫേസ്ബുക്കില്‍ കുറിച്ചത്. വാർത്ത പുറത്തുവന്ന നിമിഷത്തിൽ തന്നെ തങ്ങൾക്ക് പങ്കില്ലെന്ന് കേന്ദ്രസർക്കാർ നിഷേധ കുറിപ്പിലൂടെ പറഞ്ഞു.

ഇത് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ള തന്ത്രമാണ്. അമിത് ഷായുടെ പുത്രൻ ജയ്ഷായുടെ ബിസിനസ് സംരംഭങ്ങളെക്കുറിച്ച് വാർത്തകൾ എഴുതിയ പത്രപ്രവർത്തകയുടെ ഫോൺ ചോർത്താൻ ഇന്ത്യൻ സർക്കാരിന് അല്ലാതെ മറ്റാർക്കാണ് താല്‍പ്പര്യമെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona