ഭാര്യയുടെ അവസാന ആഗ്രഹ സാധ്യത്തിനെത്തിയ ഭർത്താവായ യുവാവും അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചു. തന്റെ ചിതാഭസ്മം ഗ്രാമത്തിലെ കുളത്തിൽ നിമഞ്ജനം ചെയ്യാനെത്തിയതായിരുന്നു അര്‍ജുന്‍ മനുഭായി പടോലിയ.

അഹമ്മദാബാദ്: ഭാര്യയുടെ അവസാന ആഗ്രഹ സാധ്യത്തിനെത്തിയ ഭർത്താവായ യുവാവും അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചു. മരിച്ച ഭാര്യയുടെ ചിതാഭസ്മം ഗ്രാമത്തിലെ കുളത്തിൽ നിമഞ്ജനം ചെയ്യാനെത്തിയതായിരുന്നു അര്‍ജുന്‍ മനുഭായി പടോലിയ. ഒരാഴ്ച മുന്‍പാണ് അര്‍ജുന്റെ ഭാര്യ ഭാരതി പട്ടേല്‍ ലണ്ടനില്‍ വച്ച് മരണപ്പെട്ടത്. തുടർന്ന് ചിതാഭസ്മം കൂടി നിമഞ്ജനം ചെയ്യാനെത്തിയതായിരുന്നു യുവാവ്. ഇവ‍‌ർക്ക് 4ഉം 8 ഉം വയസുള്ള രണ്ട് പെണ്‍ കുട്ടികളുമുണ്ട്. ഭാര്യയുടെ അന്ത്യാഭിലാഷം പൂർത്തിയാക്കി മക്കളുടെ അടുത്തേക്കുള്ള മടക്കത്തിനിടയാണ് അർജുൻ മരിച്ചത്.

ഗുജറാത്തിലെ അമ്രേലി വാഡിയയിലെ കുളത്തിൽ തന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യണമെന്നായിരുന്നു ഭാര്യയുടെ ആഗ്രഹം. ഇത് നിറവേറ്റി തന്റെ മക്കളുടെ അടുത്തേക്ക് മടങ്ങാൻ അർജുനായില്ല. ഇന്നലെ ഉച്ചയ്ക്ക് 1:38 ന് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയ‌ർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമായിരുന്നു തക‌ർന്നു വീണത്. 10 ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരുമുൾപ്പെടെ 242 പേരാണ് യാത്രയിൽ ഉണ്ടായിരുന്നത്. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്ന വിമാനം 32 സെക്കൻഡിനുള്ളിൽ തകർന്നുവീണു. ബ്രിട്ടീഷ്-ഇന്ത്യൻ യാത്രക്കാരനായ വിശ്വാഷ് കുമാർ രമേശ് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.