ദില്ലി/ ലഡാക്ക്: അതിർത്തിയിൽ ചൈനയുടെ പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണരേഖയിൽ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് ചൈനീസ് സൈന്യം കയറാതിരിക്കാൻ അതീവജാഗ്രതയുമായി ഇന്ത്യ. മേഖലയിൽ ഇന്ത്യ സൈനികവിന്യാസം ശക്തമാക്കി. നിലവിൽ അതിർത്തിയിലെ സ്ഥിതി വിലയിരുത്താൻ കരസേനാമേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ ലഡാക്കിലെത്തി. രു ദിവസത്തെ സന്ദർശനത്തിൽ, സീനിയർ ഫീൽഡ് കമാൻഡർമാർ കരസേനാമേധാവിയോട് അതിർത്തിയിലെ സൈനികവിന്യാസം എങ്ങനെയെന്ന് വിശദീകരിക്കും. 

ചുൽസുൽ സെക്ടറിലേക്ക് കൂടുതൽ സൈനികട്രൂപ്പുകളെ ഇറക്കി ചൈന നടത്തിയ പ്രകോപനനീക്കം ചെറുക്കാനാണ് ഇന്ത്യയും 1597 കിലോമീറ്റർ നീളമുള്ള നിയന്ത്രണരേഖയിൽ കൂടുതൽ സൈനികവിന്യാസം നടത്തിയിരിക്കുന്നത്. അക്‍സായ് ചിൻ മേഖലയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വിമാനങ്ങൾ നിരവധി തവണ എത്തുന്നുണ്ട്. 

മേഖലയിലെ സൈനികബേസ് ക്യാമ്പുകൾ ചൈന ശക്തിപ്പെടുത്തുമ്പോൾ, സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിൽ നിന്ന് കൂടുതൽ സൈനികരെ ഇന്ത്യയും അതിർത്തിയിലെത്തിക്കുന്നു. 1962-ലെ ഇന്ത്യ ചൈന യുദ്ധത്തിന് ശേഷം രൂപീകരിച്ച സേനാവിഭാഗമാണ് സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ്. അഞ്ച് ദിവസം മുമ്പ്, പാങ്ഗോങ് തടാകത്തിന്‍റെ തെക്ക് ഭാഗത്ത് ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറി സ്ഥാനമുറപ്പിക്കാനുള്ള ചൈനീസ് സൈന്യത്തിന്‍റെ നീക്കം മുൻകൂട്ടി കണ്ട് തടയിട്ടത് എസ്എഫ്എഫ് സൈനികരാണ്. ചൈനയുടെ ഈ പ്രകോപനത്തിന് ശേഷം, അതിർത്തിയിലെ എല്ലാ പ്രധാനമലനിരകളിലും ഇന്ത്യൻ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 29, 30 തീയതികളിലാണ് ചൈന വീണ്ടും ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറി പിടിച്ചടക്കാൻ ശ്രമം തുടങ്ങിയത്. ഇടക്കിടെ ഭിന്നതകളുണ്ടായിരുന്നെങ്കിലും, സമാധാനപരമായി മുന്നോട്ടുപോവുകയായിരുന്ന അതിർത്തിയിലെ സേനാപിൻമാറ്റം അതോടെ അവസാനിച്ചു. സേനാപിൻമാറ്റം നടത്തിയിരുന്നെങ്കിലും ഇന്ത്യ ജാഗ്രതയും നിരീക്ഷണവും അവസാനിപ്പിച്ചിരുന്നില്ല. 25ഓ 30ഓ ചൈനീസ് സായുധസൈനികർ പാങ്ഗോങ് തടാകത്തിന്‍റെ തെക്ക് ഭാഗത്തുള്ള ചൈനയുടെ ബ്ലാക് ടോപ്പ് നിരീക്ഷണപോയന്‍റിലേക്ക് നടന്നടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ സൈന്യം ബ്ലാക് ടോപ്പിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ തിരികെയെത്തി ആധിപത്യമുറപ്പിച്ചു. 

തൊട്ടടുത്ത ദിവസവും ചൈന പ്രകോപനം നിർത്തിയില്ല. വീണ്ടും സൈനികർ മുന്നോട്ടുനീങ്ങാൻ ശ്രമിച്ചെങ്കിലും പട്രോളിംഗ് പോയന്‍റ് 27 മുതൽ 31 വരെയുള്ള മേഖലകളിലും, സമീപത്തെ മലനിരകളിലും ഇന്ത്യൻ സൈന്യം ശക്തമായ സാന്നിധ്യമുറപ്പിച്ചു. 

നിലവിൽ സായുധ കോംബാറ്റ് ഗ്രൂപ്പുകളെ (ആയുധങ്ങളും മെക്കാനൈസ്‍ഡ് ഉപകരണങ്ങളുമുള്ള) ഡെപ്സാങ് സമതലത്തിൽ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. ചൈനീസ് സൈന്യത്തിന്‍റെ കോംബാറ്റ് ഗ്രൂപ്പുകളെ നേരിടാൻ ശേഷിയുള്ളതാണ് ഇന്ത്യൻ കോംബാറ്റ് ഗ്രൂപ്പുകൾ. അതിർത്തിയിലെ ഒരിഞ്ച് സ്ഥലം പോലും ഇന്ത്യ വിട്ടുതരില്ലെന്ന് ചൈനയ്ക്ക് സൂചന നൽകുന്നതാണ് ഈ സൈനികവിന്യാസം.

നിലവിൽ ദെംചോക്, ചുമാർ മേഖലയിൽ ഇന്ത്യയ്ക്ക് ആധിപത്യമുണ്ട്. ചൈനീസ് സൈന്യത്തിന് സാധനങ്ങളെത്തിക്കുന്ന ലാസ - കഷ്‍ഗർ (219) ഹൈവേയിൽ ഇന്ത്യയ്ക്ക് കൃത്യമായ നിരീക്ഷണം നടത്താനാകുന്നുണ്ട്. അവിടെ നിന്ന് മുന്നോട്ട് എന്തെങ്കിലും നീക്കമുണ്ടായാൽ ഉടൻ ഇന്ത്യയ്ക്ക് സജ്ജരാകാനാകും.

അതേസമയം, ഇന്ത്യൻ സൈനികർ അതിർത്തിയിൽ പ്രകോപനമുണ്ടാക്കുകയായിരുന്നുവെന്ന് ചൈനീസ് പ്രസിഡന്‍റ് സി ജിൻപിങ് ആരോപിച്ചിരുന്നു. ചൈന നിലവിലെ സ്ഥിതി കാത്തുസൂക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും, അതിർത്തി കടന്നുകയറിയിട്ടില്ലെന്നുമാണ് ചൈനീസ് പ്രസിഡന്‍റ് പറയുന്നത്.