മതനിന്ദ കേസില്‍ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്ത സ്റ്റാന്‍ഡ്-അപ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിക്കും സുഹൃത്തുക്കള്‍ക്കും എതിരായ എല്ലാ കേസുകളും അടിയന്തിരമായി പിന്‍വലിക്കണമെന്ന് കലാ സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ പ്രമുഖര്‍ ആവശ്യപ്പെട്ടതായി പി ടി ഐ റിപ്പോര്‍ട്ട്.

ദില്ലി: മതനിന്ദ കേസില്‍ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്ത സ്റ്റാന്‍ഡ്-അപ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിക്കും സുഹൃത്തുക്കള്‍ക്കും എതിരായ എല്ലാ കേസുകളും അടിയന്തിരമായി പിന്‍വലിക്കണമെന്ന് കലാ സാംസ്‌കാരിക സാഹിത്യ രംഗങ്ങളിലെ പ്രമുഖര്‍ ആവശ്യപ്പെട്ടതായി പി ടി ഐ റിപ്പോര്‍ട്ട്. ഇന്ത്യയിലും പുറത്തുമുള്ള എഴുത്തുകാരും കലാകാരന്‍മാരും സ്റ്റാന്‍ഡ് അപ് കൊമോഡിയന്‍മാര്‍ക്കും പുറമേ രാജ്യാന്തര കൂട്ടായ്മകളും വിദേശ ഇന്ത്യക്കാരുടെ സംഘടനകളും പ്രസ്താവനയില്‍ ഒപ്പുവെച്ചു. 

Scroll to load tweet…

സ്റ്റാന്‍ഡ്-അപ് ഹാസ്യപരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തി മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജനുവരി ഒന്നിനാണ് മുനവര്‍ ഫറൂഖിയെ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശ് ഹൈക്കോടതി മുനവറിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന്, മുനവര്‍ കഴിഞ്ഞ ദിവസം ജയില്‍മോചിതനായിരുന്നു. 

കനേഡിയന്‍ സംവിധായകന്‍ ജോണ്‍ ഗ്രേസണ്‍, ബ്രസീലിലെ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് സോണിയ കൊറി, ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ് സോഫിയ കരീം, സംവിധായിക ശ്രുതി റിയാ ഗാംഗുലി തുടങ്ങിയവര്‍ക്കൊപ്പം, അമിതാവ് കുമാര്‍, താന്യ സെല്‍വരത്‌നം, രാജ്‌മോഹന്‍ ഗാന്ധി, അരുന്ധതി റോയി, മല്ലിക സാരാഭായി, പൂജ ഭട്ട്, കല്‍കി കോച്‌ലിന്‍, ഷൊണാലി ബോസ്, ആനന്ദ് പട്‌വര്‍ദ്ധന്‍ തുടങ്ങിയവരും പ്രസ്താവനയില്‍ ഒപ്പുവെച്ചു. സ്റ്റാന്‍ഡപ് കൊമേഡിയന്‍മാരായ കുനാല്‍ കംറ, സഞ്ജയ് റജൂറ, അനുഭവ് പല്‍, പ്രശസ്തി സിംഗ് തുടങ്ങിയവരും പ്രസ്താവനയില്‍ ഒപ്പുവെച്ചവരില്‍ പെടുന്നു. 

കലാകാരന്‍മാരുടെ രാജ്യാന്തര കൂട്ടായ്മയായ പെന്‍ അമേരിക്ക, ഫ്രീ മ്യൂസ്, വിദേശ ഇന്ത്യക്കാരുടെ കൂട്ടായ്മയായ പ്രേഗ്രസീവ് ഇന്ത്യ കലക്ടീവ് തുടങ്ങിയ സംഘടനകളുടെ മുന്‍കൈയിലാണ് ഒപ്പുശേഖരണം നടന്നത്.