Asianet News MalayalamAsianet News Malayalam

മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി അന്തരിച്ചു

മുന്‍ധനമന്ത്രി അരുണ്‍ ജെയ്റ്റലി ദില്ലി എയിംസില്‍ അന്തരിച്ചു 

arun jaitley passed away
Author
Delhi, First Published Aug 24, 2019, 12:37 PM IST

ദില്ലി: മുന്‍ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റലി (66) അന്തരിച്ചു. ദില്ലി എയിംസില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റലി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ് പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. 

ഇക്കഴിഞ്ഞ ആഗസറ്റ് ഒൻപതിനാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജെയ്റ്റ്ലിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ,  പ്രധാനമന്ത്രി നരേന്ദ്രമോദി , ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാരും ലോക്സഭാ സ്പീക്കറും ഈ ദിവസങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ എയിംസില്‍ എത്തിയിരുന്നു.  

സുഷമ സ്വരാജിന്‍റെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ അരുണ്‍ ജെയ്റ്റലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബിജെപിക്ക് പൊടുന്നനെ നഷ്ടമാക്കുന്നത്. ആര്‍എസ്എസിലൂടെ കടന്നു വന്നവരായിരുന്നു ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളെങ്കിലും എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ ചരിത്രമാണ് ജെയ്റ്റിലിയുടേത്. ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജെയ്റ്റലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായിരുന്നു. 

നരേന്ദ്രമോദിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്നു ജയ്റ്റ്ലി പ്രഗല്‍ഭനായ അഭിഭാഷകനും കൂടിയായിരുന്നു. ഇന്ത്യന്‍ സാമ്പത്തികരംഗത്തെ മാറ്റിമറിച്ച രണ്ട് നിര്‍ണായക തീരുമാനങ്ങള്‍ നടപ്പിലായത് ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലത്താണ് ജിഎസ്ടിയും നോട്ടുനിരോധനവും. 

Follow Us:
Download App:
  • android
  • ios