കൂടിക്കാഴ്ച്ചയ്ക്കും സ്റ്റാലിന്‍റെ സന്ദര്‍ശനത്തിനും രാഷ്ട്രീയമാനം നൽകേണ്ടെന്നാണ് കെജ്രിവാളിന്‍റെ പ്രതികരണം.
ദില്ലി: ബിജെപി വിരുദ്ധ പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയെന്ന ചർച്ചയ്ക്ക് ആക്കം കൂട്ടി സ്റ്റാലിൻ (M K Stalin) അരവിന്ദ് കെജ്രിവാള്‍ കൂടിക്കാഴ്ച്ച. അരവിന്ദ് കെജ്രിവാളിന്‍റെ ദില്ലിയിലെ വികസന പദ്ധതികളും സ്റ്റാലിന്‍ നേരിട്ട് കണ്ടു. എന്നാൽ കൂടിക്കാഴ്ച്ചയ്ക്കും സ്റ്റാലിന്‍റെ സന്ദര്‍ശനത്തിനും രാഷ്ട്രീയമാനം നൽകേണ്ടെന്നാണ് കെജ്രിവാളിന്‍റെ പ്രതികരണം.
ദേശീയ നേതാവെന്ന നിലയിലേക്ക് ഉയരാനുള്ള നീക്കത്തിലാണ് എം കെ സ്റ്റാലിൻ. പഞ്ചാബ് പിടിച്ചതോടെ കോൺഗ്രസിന് ബദലായി വളരുകയെന്ന ശ്രമത്തിലാണ് ആംആദ്മി പാര്‍ട്ടി. ദേശീയ രാഷ്ട്രീയത്തിൽ പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മക്കായി ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ദില്ലിയിലെ എഎപി വികസന മാതൃക നേരിട്ട് കാണാൻ സ്റ്റാലിൻ എത്തിയത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ ദില്ലി വിനോദ് നഗറിലെ സ്കൂളിൽ എത്തിയ സ്റ്റാലിൻ വിദ്യാർത്ഥികളും അധ്യാപകരെയും കണ്ടു. സ്കൂളിലെ സൗകര്യങ്ങൾ വിലയിരുത്തി. പിന്നാലെ മൊഹല്ല ക്ലിനിക്കും സന്ദർശിച്ചു. സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം വഴി രാജ്യത്തിന്റെ പുരോഗതിയാണ് ലക്ഷ്യമെന്നും സന്ദർശനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നുമാണ് അരവിന്ദ് കെജ്രിവാളിന്‍റെ പ്രതികരണം.
പുതിയ രാഷ്ട്രീയ സഖ്യത്തിനുള്ള അടിത്തറപാകലാണ് കൂടിക്കാഴ്ചക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റാലിന്‍, കെജ്രിവാള്‍ എന്നിവര്‍ക്കൊപ്പം സഹകരിക്കാന്‍ മമത ബാനര്‍ജിയും നേരത്ത തന്നെ താല്‍പ്പര്യം അറിയിച്ചിരുന്നു. എന്നാൽ കോൺഗ്രസ് വിരുദ്ധ ചേരിയെന്ന ആശയം മുന്നോട്ട് വെക്കുന്ന നേതാക്കള്‍ക്കൊപ്പം സ്റ്റാലിന്‍ സഹകരിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.
