Asianet News MalayalamAsianet News Malayalam

ആര്യൻ ഖാന് ജാമ്യമില്ല; വ്യാഴാഴ്ച വരെ എൻസിബി കസ്റ്റഡിയിൽ വിട്ടു

ആര്യനും സംഘത്തിനും അന്താരാഷ്ട്രാ ലഹരിമരുന്ന് റാക്കറ്റുമായി വരെ ബന്ധമുണ്ടെന്ന് എൻസിബി കോടതിയിൽ പറഞ്ഞു. ആര്യന്‍റെ പക്കൽ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും കുറ്റങ്ങൾ നിലനിൽക്കില്ലെന്നും ആര്യൻ ഖാന്‍റെ അഭിഭാഷകനും വാദിച്ചു. 

aryan khan has no bail he was remanded in ncb custody until thursday
Author
Mumbai, First Published Oct 4, 2021, 6:10 PM IST

മുംബൈ: മയക്കുമരുന്ന് കേസിൽ (Drug party case) ആര്യൻഖാന്റെയും (Aryan Khan) കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളെ വ്യാഴാഴ്ച വരെ എൻസിബി (NCB)കസ്റ്റഡിയിൽ വിട്ടു. ആര്യനും സംഘത്തിനും അന്താരാഷ്ട്രാ ലഹരിമരുന്ന് റാക്കറ്റുമായി വരെ ബന്ധമുണ്ടെന്ന് എൻസിബി കോടതിയിൽ പറഞ്ഞു. ആര്യന്‍റെ പക്കൽ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും കുറ്റങ്ങൾ നിലനിൽക്കില്ലെന്നും ആര്യൻ ഖാന്‍റെ അഭിഭാഷകനും വാദിച്ചു. 

ഒരാഴ്ച കൂടി ആര്യൻഖാനെയും കൂട്ടാളികളെയും കസ്റ്റഡിയിൽ വേണമെന്നാണ് എൻസിബി ആവശ്യപ്പെട്ടത്. വാട്‍സ് ആപ്പ് ചാറ്റുകൾ പരിശോധിച്ചതിൽ നിന്നും കഴിഞ്ഞ വർഷം ജൂലായ് മുതൽ അറസ്റ്റിലായവർക്ക് ലഹരികടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് വ്യക്തമായതായി അന്വേഷണ ഏജൻസി പറഞ്ഞു.വലിയ തോതിൽ ലഹരി മരുന്ന് വാങ്ങിയതിനും പണമിടപാട് നടത്തിയതിനും തെളിവുണ്ട്. ചാറ്റിൽ കോഡ് വാക്കുകളിൽ വിശേഷിപ്പിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും എൻസിബി കോടതിയെ അറിയിച്ചു. എന്നാൽ സുഹൃത്തായ അർബാസ് മർച്ചന്‍റിൽ നിന്ന് വെറും 6 ഗ്രാം ചരസ് പിടിച്ചെടുത്തതിന്‍റെ പേരിൽ ആര്യനെയും കുടുക്കാനുള്ള ശ്രമമാണെന്ന് ആര്യന്‍റെ അഭിഭാഷകൻ സതീശ് മാനേശിണ്ഡെ വാദിച്ചു. ആര്യനിൽ നിന്നും ലഹരി വസ്തുക്കളൊന്നും പിടിച്ചെടുത്തിട്ടില്ല. ക്ഷണിതാവായി മാത്രമാണ് കപ്പൽ യാത്രയ്ക്ക് ആര്യനെത്തിയതെന്നും മാനേശിണ്ഡെ വാദിച്ചു 

വാദങ്ങൾ കേട്ട ശേഷം ആര്യൻഖാനെയും ഒപ്പം അറസ്റ്റിലായ അർബാസ് മർച്ചന്‍റ് ,മോഡൽ മുൻമുൻ ധമേച്ച എന്നിവരെ കോടതി  എൻസിബി കസ്റ്റഡിയിൽ വിട്ടു. ഇന്ന് കപ്പലിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം ഏഴ് പേരെകൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 17ആയി.  അതേസമയം ലഹരിമരുന്ന് കേസിൽ ഒരു മലയാളിക്കും ബന്ധമെന്ന് സൂചന പുറത്ത് വന്നു. ശ്രേയസ് നായർ എന്നയാളെ ഇന്നലെ രാത്രി എൻസിബി കസ്റ്റഡിയിലെടുത്തിരുന്നു.വാട്സ് ആപ്പ് ചാറ്റുകളിൽ നിന്ന് ലഹരി മരുന്ന് എത്തിച്ച നൽകിയത് ഇയാളെന്നാണ് അന്വേഷണ ഏജൻസിക്ക് കിട്ടിയ സൂചന. 

Follow Us:
Download App:
  • android
  • ios