ദില്ലി: ലോക് സഭയില്‍ ഇന്ന് പാസായ യു എ പി എ നിയമഭേദഗതിക്കെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചിട്ടും ബില്‍ പാസായപ്പോള്‍ ഒവൈസിയുടെ വിമര്‍ശനം പ്രധാനമായും കോണ്‍ഗ്രസിന് നേരെയാണ് ഉണ്ടായത്. യു എ പി എ നിയമം കോണ്‍ഗ്രസാണ് കൊണ്ടുവന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഒവൈസിയുടെ കടന്നാക്രമണം. മോദി സര്‍ക്കാര്‍ നിയമത്തെ കൂടുതല്‍ കടുത്തതാക്കിയെന്ന് വിമര്‍ശിച്ച ഒവൈസി കോണ്‍ഗ്രസിന് ഇതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാറി നില്‍ക്കാനാകില്ലെന്നും അഭിപ്രായപ്പെട്ടു.

ഈ നിയമത്തിലൂടെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലാകുമ്പോള്‍ മാത്രമേ അവര്‍ക്ക് കാര്യങ്ങള്‍ മനസിലാകുകയുള്ളൂ. അധികാരത്തിലിരുന്ന കാലത്ത് കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്കെതിരായിരുന്നെന്നും ഇപ്പോള്‍ ബി ജെ പിയും അതാണ് ചെയ്യുന്നതെന്നും ഒവൈസി അഭിപ്രായപ്പെട്ടു. അധികാരം നഷ്ടമായപ്പോള്‍ മാത്രമാണ് മുസ്ലിങ്ങളെ കോണ്‍ഗ്രസ് സഹോദരങ്ങളായി കാണുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. 2008 ല്‍ തന്നെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരരുതെന്ന് ചൂണ്ടിക്കാണിച്ചിരുന്നതായും ഒവൈസി വ്യക്തമാക്കി.

കോണ്‍ഗ്രസിനെ വിമര്‍ശിച്ച ശേഷം ഒവൈസി കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 14,21 എന്നിവയുടെ ലംഘനമാണ് യു എ പി എ ബില്ലിലെ ഭേദഗതിയിലൂടെ ഉണ്ടായിരിക്കുന്നതെന്നും ഒവൈസി അഭിപ്രായപ്പെട്ടു. ഇത്തരം കിരാത നിയമങ്ങള്‍ പൗരന്‍റെ മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

സംഘടനകൾക്ക് പുറമേ വ്യക്തികളെയും ഭീകരതയുടെ പേരിൽ കരിമ്പട്ടികയിൽപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജൻസിക്കും സർക്കാറിനും യുഎപിഎ നിയമഭേദഗതി ബിൽ അധികാരം നൽകുന്നുണ്ട്. ഭീകര പ്രവര്‍ത്തനം സംബന്ധിച്ച കേസുകളിൽ അന്വേഷണ അധികാരം ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ളവർക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ളവര്‍ക്ക് വിട്ടുകൊടുക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഭീകരപ്രവർത്തനത്തിന്‍റെ പേരിൽ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്‍റെ സഹായമോ ഇടപെടലോ ഇല്ലാതെ എൻഐഎക്ക് കണ്ടുകെട്ടാനുള്ള അനുവാദം നൽകുന്ന വ്യവസ്ഥകളും യുഎപിഎ നിയമഭേദഗതി ബില്ലിലുണ്ട്. 

പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് യുഎപിഎ നിയമഭേദഗതി ബിൽ ലോക്സഭ പാസ്സാക്കിയത്. ബില്ലിനെതിരെ മുസ്ലിം ലീഗ് വോട്ടു ചെയ്തു. ആകെ എട്ടു പേരാണ് ബില്ലിന് എതിരായി വോട്ടു ചെയ്തത്. കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.