ക്രിക്കറ്റ് മത്സരം കാണാൻ തന്‍റെ മനസാക്ഷി അനുവദിക്കില്ലെന്നും ലോക്സഭയിലെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ എഐഎംഐഎം അധ്യക്ഷൻ ഒവൈസി വ്യക്തമാക്കി

ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ -പാകിസ്ഥാൻ മത്സരത്തെ വിമർശിച്ച് അസദുദ്ദീൻ ഒവൈസി എംപി. രക്തവും വെള്ളവും ഒന്നിച്ചൊഴുകാത്തപ്പോൾ എങ്ങനെ ക്രിക്കറ്റ് കളിക്കുമെന്ന് ഒവൈസി ലോക്സഭയിൽ ചോദിച്ചു. ക്രിക്കറ്റ് മത്സരം കാണാൻ തന്‍റെ മനസാക്ഷി അനുവദിക്കില്ലെന്നും ലോക്സഭയിലെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ എഐഎംഐഎം അധ്യക്ഷൻ ഒവൈസി വ്യക്തമാക്കി.

പഹൽഗാമിലെ ബൈസരണിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരം കാണണമെന്ന് പറയാൻ മനസാക്ഷി അനുവദിക്കുമോയെന്നും ഒവൈസി ചോദിച്ചു, 80ശതമാനത്തോളം പാകിസ്ഥാന്‍റെ വെള്ളവും നമ്മള്‍ തടയുകയാണ്. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യയുടെ ഈ നടപടി. അങ്ങനെയുള്ള സാഹചര്യത്തിൽ ക്രിക്കറ്റ് മത്സരം നടത്താനാകുമോ? ക്രിക്കറ്റ് മത്സരം കാണാൻ തന്‍റെ മനസാക്ഷി അനുവദിക്കുന്നില്ലെന്നും ഒവൈസി പറഞ്ഞു. 

ചര്‍ച്ചയും തീവ്രവാദവും ഒന്നിച്ച് പോകില്ലെന്നും രക്തവും വെള്ളവും ഒന്നിച്ച് ഒഴുകില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നേരത്തെ പറഞ്ഞ പ്രസ്താവന സൂചിപ്പിച്ചായിരുന്നു. ഒവൈസിയുടെ പ്രതികരണം.തിങ്കളാഴ്ച അര്‍ധരാത്രി വരെ ലോക്സഭയിലെ ചര്‍ച്ച നീണ്ടു. ഇന്ന് രാവിലെ 11ന് ചര്‍ച്ച തുടരും. 

പഹൽഗാമിലെ സുരക്ഷ വീഴ്ചയിൽ നടപടി വേണമെന്ന് എൻകെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. വിദേശകാര്യ നയത്തിലും പാളിച്ചയെന്ന് പ്രേമചന്ദ്രൻ ചൂണ്ടികാട്ടി. അതേസമയം, ഓപ്പറേഷൻ സിന്ദൂറിൽ ലോക്സഭയിൽ തുടരുന്ന ചർച്ചയിൽ ഇന്ന് പ്രധാനമന്ത്രി സംസാരിക്കും. മോദിയും ട്രംപും തമ്മിൽ ഒരു ആശയവിനിമയവും നടന്നിരുന്നില്ലെന്ന് ഇന്നലെ ചർച്ചയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ മോദിയും നിലപാട് വ്യക്തമാക്കിയേക്കും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, അമിത്ഷാ തുടങ്ങിയവരും ഇന്ന് സംസാരിക്കും. രാജ്യസഭയിലും ഇന്ന് ചർച്ച തുടങ്ങും.