ഓഷിവാര: സിനിമയില്‍ അവസരം ലഭിച്ചില്ല, യുവതി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഓഷിവാരയിലാണ് സംഭവം. പേള്‍ പഞ്ചാബി എന്ന ഇരുപതുകാരിയാണ് താമസിച്ചിരുന്ന ഫ്ലാറ്റിന്‍റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. 

സിനിമയില്‍ അവസരം ലഭിക്കാന്‍ നിരവധി തവണ ശ്രമിച്ചിട്ടും പരിശ്രമങ്ങള്‍ ഫലം കാണാത്തതില്‍ പേള്‍ നിരാശയായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി. ഏതാനും ദിവസങ്ങളായി ജീവിതത്തോട് താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സിനിമയിലെ അവസരം തേടി സമയം കളയുന്നതിനെച്ചൊല്ലി യുവതിയും അമ്മയും തമ്മില്‍ സ്ഥിരമായി വാക്കു തര്‍ക്കമുണ്ടായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.

ഇതിന് മുന്‍പ് രണ്ടു തവണ പേള്‍ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. രാത്രി 12.30ഓടെ അപ്പാര്‍ട്ട്മെന്‍റിന് പുറത്ത് എന്തോ ശബ്ദം കേട്ടുവെന്നും പുറത്ത് വന്ന് നോക്കിയപ്പോള്‍ പേളിന്‍റെ ഫ്ലാറ്റില്‍ നിന്ന് ബഹളം കേട്ടുവെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കി. ഓഷിവാര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.