ഗുവാഹത്തി: അസമിൽ ഒരു ​ഗ്രാമത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി നാടിനെ വിറപ്പിച്ച കാട്ടാനയെ ബിജെപി എംഎല്‍എയുടെ സഹായത്തോടെ പിടികൂടി. ഗോള്‍പ്പാറ ജില്ലയിലെ വനത്തില്‍ നിന്നാണ് 'ലാദന്‍' എന്ന് വിശേഷിപ്പിച്ചിരുന്ന കാട്ടാനയെ സൂത്തി മണ്ഡലത്തിലെ എംഎല്‍എ പദ്‍മ ഹസാരികയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിങ്കളാഴ്‍ച വൈകീട്ടോടെയാണ് ആനയെ പിടികൂടിയത്.

രണ്ടാഴ്‍ച മുമ്പ് ഗ്രാമത്തിലിറങ്ങി ഭീതി പരത്തിയ കാട്ടാന ഒരു സ്ത്രീയെ ഉൾപ്പടെ അഞ്ച് ഗ്രാമീണരെ കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ആന കാട്ടിലേക്ക് തിരിച്ച് പോയെങ്കിലും ഏത് നിമിഷവും ​ആനയുടെ ആക്രണമുണ്ടായേക്കാമെന്ന ഭയത്തിലായിരുന്നു ​ഗ്രാമീണർ. ആനയെ പേടിച്ച് വീടിന് പുറത്തിറങ്ങാൻ പോലും ആളുകൾക്ക് പേടിയായിരുന്നു. തുടർന്ന് ആനയെ പിടികൂടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട്   ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ടിവി റെഡ്ഡി, എംഎല്‍എയുടെ സഹായം തേടുകയായിരുന്നു.

പ്രശ്‍നക്കാരായ ആനകളെ മെരുക്കുന്നതില്‍ വിദഗ്‍ധനായ എംഎല്‍എ ഇതിന് സമ്മതമറിയിക്കുകയും ആനയെ പിടികൂടുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയുമായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ പിടികൂടുന്നതിനായി കാട്ടിലേക്ക് തിരിച്ചു. ലാദനെ പിടികൂടാന്‍ തന്റെ കുങ്കിയാനയുമൊത്താണ് പദ്മ ഹസാരിക എത്തിയത്.

ദിവസങ്ങളോളം ആനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് ഒടുവില്‍ പദ്മയും സംഘവും ലാ​ദനെന്ന ആനയെ പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയോടെ കാടിനുള്ളില്‍ കയറിയ സംഘം വൈകീട്ടോടെ ആനയെ പിടികൂടി വനം വകുപ്പിന് കൈമാറുകയായിരുന്നു. പരമ്പരാഗതമായി ആനയെ പിടികൂടാനും അവയെ ചട്ടം പഠിപ്പിക്കാനും പരിശീലനം നേടിയിട്ടുള്ളവരാണ് പദ്മഹസാരികയുടെ കുടുംബം.

ജനങ്ങളെ ഭീതിയിലാക്കിയ കാട്ടാനയെ പിടികൂടിയ എംഎല്‍എയെ അഭിനന്ദിച്ച് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്തെത്തി. പൊതുജനങ്ങള്‍ക്ക് വേണ്ടി കാട്ടാനയെ പിടികൂടിയ എംഎല്‍എ യഥാര്‍ത്ഥ ജന സേവകനാണെന്ന് തെളിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ആനയെ നിരീക്ഷിച്ചു വരുകയാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ ഇതിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ഒസാമ ബിന്‍ലാദന്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്ന 2006 മുതലാണ് അസമില്‍ ആളെക്കൊല്ലുന്ന കാട്ടാനകള്‍ക്ക് ലാദന്‍ എന്ന് പേരിടുന്ന പതിവ് തുടങ്ങിയത്. പദ്മഹസാരിക ജീവനോടെ പിടികൂടിയ ലാദനേക്കാള്‍ ഭീകരനായ മറ്റൊരു ലാദന്‍ അസമിലുണ്ടായിരുന്നു. അസമിലെ സോനിത്പുര്‍ ജില്ലയില്‍ 12 പേരെ കൊന്ന ആ കാട്ടാനയെ പിന്നീട് വെടിവെച്ച് കൊല്ലുകയായിരുന്നു.

ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആനയുടെ ആക്രമണത്തില്‍ 2,300 ആളുകളാണ് മരിച്ചത്‌. അതേസമയം, 2011 മുതലുള്ള കണക്കെടുത്താൽ ഇന്ത്യയിൽ 700ഒളം ആനകളും ചത്തിട്ടുണ്ട്. കാട്ടാനകൾ ഗോല്‍പാര ജില്ലയില്‍ വ്യാപകമായി കുടിയേറിയതാണ് ഇവിടെ മനുഷ്യരും ആനയും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയതിന്റെ പ്രധാന കാരണം. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ വനനശീകരണവും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധികളുമാണ് കാട്ടാനകളെ മനുഷ്യവാസമേഖലകളിലേക്ക് കടന്നുകയറാന്‍ പ്രേരിപ്പിക്കുന്നത്.