Asianet News MalayalamAsianet News Malayalam

കോഹ്ലി പൂജ്യത്തില്‍ പുറത്തായ നിരാശയില്‍ ബീഫ് കഴിക്കുന്നതിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

 2017ല്‍ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തില്‍ വിരാട് കോഹ്ലി പൂജ്യത്തില്‍ പുറത്തായതിന്‍റെ നിരാശയില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണെന്നും മിനിറ്റുകള്‍ക്കുള്ളില്‍ നീക്കം ചെയ്തിരുന്നെന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ മറ്റൊരാളെയും അറസ്റ്റ് ചെയ്തു.

Assam police register case against woman for facebook post over beef eating
Author
Guwahati, First Published Aug 15, 2019, 4:55 PM IST

ഗുവാഹത്തി: രണ്ട് വര്‍ഷം മുമ്പ് ബീഫ് കഴിക്കുന്നതിനെ സംബന്ധിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ യുവതിക്കെതിരെ അസം പൊലീസ് സ്വമേധയാ കേസെടുത്തു. ഗുവാഹത്തി യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ രഹ്ന സുല്‍ത്താന എന്ന യുവതിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കുറിപ്പ് യുവതി നേരത്തെ നീക്കിയിരുന്നു. ബുധനാഴ്ച രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി

ഈദ് ദിവസമാണ് രഹ്ന പോസ്റ്റിട്ടതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍, രണ്ട് വര്‍ഷം മുമ്പ് എഴുതിയ കുറിപ്പാണിതെന്നും വിവാദമായപ്പോള്‍ നീക്കിയതാണെന്നും രഹ്ന വ്യക്തമാക്കി. 2017 ജൂണിലാണ് രഹ്ന പോസ്റ്റിട്ടത്. ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തില്‍ വിരാട് കോഹ്ലി പൂജ്യത്തില്‍ പുറത്തായതിന്‍റെ നിരാശയില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണെന്നും മിനിറ്റുകള്‍ക്കുള്ളില്‍ നീക്കം ചെയ്തിരുന്നെന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ മറ്റൊരാളെയും അറസ്റ്റ് ചെയ്തു. കൊക്രജാര്‍ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്. മോദിയുടെയും അമിത്ഷായുടെയും ചിത്രങ്ങള്‍ അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാളില്‍നിന്ന് മൊബൈല്‍ ഫോണും രണ്ട് സിം കാര്‍ഡുകളും പിടിച്ചെടുത്തതെന്നും പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios