പട്‌ന: ലോക്ക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതതായി റിപ്പോര്‍ട്ട്. 25 കാരനായ ഓട്ടോ ഡ്രൈവറാണ് ജീവനൊടുക്കിയത്. ബിഹാറിലെ ഷാപുരിലാണ് സംഭവം. ലോക്ക്ഡൗണിന് ശേഷം ഭാര്യയും മൂന്ന് കുട്ടികളുമുള്ള ഇയാളുടെ ജീവിതം ബുദ്ധിമുട്ടിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. 

വായ്പയെടുത്താണ് ഇയാള്‍ ഓട്ടോ വാങ്ങിയത്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വരുമാനം നിലച്ചു. വായ്പാ തിരിച്ചടവ് മുടങ്ങുകയും ചെയ്തു. അതോടൊപ്പം കുടുംബത്തെ സംരക്ഷിക്കലും പ്രയാസത്തിലായി. യുവാവിന്റെ കുടുംബത്തിന്  റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലെന്ന് യുവാവിന്റെ പിതാവ് എന്‍ഡിടിവിയോട് പറഞ്ഞു. 

മരണവാര്‍ത്ത പുറത്തുവന്നതിന് ശേഷം ജില്ലാ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി അന്വേഷിക്കുകയും കുടുംബത്തിന് 25 കിലോ ഗോതമ്പും അരിയും നല്‍കുകയും ചെയ്തു. സംഭവം പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തു. ബിഹാറിലെ തൊഴിലില്ലായ്മയുടെ രൂക്ഷതയാണ് യുവാവിന്റെ ആത്മഹത്യയെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചു. തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.