മുംബൈയിലെ ഓട്ടോ ഡ്രൈവർ പ്രതിമാസം 5-8 ലക്ഷം രൂപ സമ്പാദിക്കുന്നുവെന്ന് കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാം. അതെങ്ങനെയെന്ന് വിശദീകരിച്ച് രാഹുൽ രുപാനി.
മുംബൈ: പ്രതിമാസം 5–8 ലക്ഷം രൂപ സമ്പാദിക്കുന്ന ഓട്ടോ ഡ്രൈവറെ പരിചയപ്പെടുത്തി ലെൻസ്‍കാർട്ട് പ്രൊഡക്ട് ലീഡർ രാഹുൽ രുപാനി. ഏതെങ്കിലും ആപ്പോ പ്രത്യേകിച്ചൊരു സാങ്കേതികവിദ്യയോ മറ്റെന്തെങ്കിലും സഹായമോ ഇല്ല. എന്തിന് സ്വന്തമായുള്ള ഓട്ടോ ഓട്ടം പോകാറുമില്ല. എന്നിട്ടും മുംബൈയിലെ ഓട്ടോ ഡ്രൈവർ ഇത്രയും വലിയ സമ്പാദ്യം നേടുന്നത് എന്നറിയുമ്പോൾ അവിശ്വസനീയം എന്ന് തോന്നുന്നുണ്ടോ? എല്ലാ ദിവസവും ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് പാർക്ക് ചെയ്താണ് ഓട്ടോ ഡ്രൈവർ അസാധ്യമെന്ന് തോന്നുന്ന വരുമാനം നേടുന്നതെന്ന് രാഹുൽ രുപാനി ലിങ്ക്ഡിനിൽ കുറിച്ചു.
രാഹുൽ രുപാനിയുടെ കുറിപ്പ്
ഈ ആഴ്ച വിസ അപ്പോയിൻമെന്‍റിനായാണ് ഞാൻ യുഎസ് കോൺസുലേറ്റിൽ എത്തിയത്. ബാഗ് അകത്ത് കൊണ്ടുപോകാൻ പാടില്ലെന്ന് സെക്യൂരിറ്റി എന്നോട് പറഞ്ഞു. അവിടെ ബാഗ് സൂക്ഷിക്കാനുള്ള സ്ഥലവുമില്ല. സ്വയം പരിഹാരം കാണണം. ഞാൻ എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോൾ ഒരു ഓട്ടോ ഡ്രൈവർ കൈവീശി എന്‍റെയരികെ വന്നു.
സർ ബാഗ് എന്നെ ഏൽപ്പിച്ചോളൂ സുരക്ഷിതമായിരിക്കും. എനിക്ക് 1000 രൂപ തരണം. ഞാൻ മടിച്ചുനിന്നു. പിന്നെ വേറെ വഴിയില്ലല്ലോ എന്ന് ആലോചിച്ച് ബാഗ് നൽകി. അങ്ങനെയാണ് ഈ ഓട്ടോ ഡ്രൈവറുടെ ബിസിനസിനെ കുറിച്ച് വിശദമായി ചോദിച്ചത്.
അദ്ദേഹം കോൺസുലേറ്റിന് പുറത്ത് തന്റെ ഓട്ടോ പാർക്ക് ചെയ്യുന്നു. കോണ്‍സുലേറ്റിൽ എത്തുന്നവരിൽ നിന്ന് 1000 രൂപ ഈടാക്കി ബാഗ് സൂക്ഷിക്കുന്നു. ഒരു ദിവസം 20-30 പേർ ഇത്തരത്തിൽ ബാഗ് സൂക്ഷിക്കാൻ ഏൽപ്പിക്കാറുണ്ട്. പ്രതിദിനം 20000 രൂപ മുതൽ 30000 രൂപ വരെ ലഭിക്കും. അതായത് പ്രതിമാസം 5–8 ലക്ഷം രൂപ.
സമീപത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി ചേർന്ന് ചെറിയൊരു ലോക്കർ സംവിധാനം ഓട്ടോ ഡ്രൈവർ തുടങ്ങിയിട്ടുണ്ട്. ബാഗുകൾ ഓട്ടോയിൽ അവിടെയെത്തിച്ച് സുരക്ഷിതമായി സൂക്ഷിക്കുന്നു. യുഎസ് വിസ അഭിമുഖങ്ങളിൽ ആളുകൾ ഉള്ളിൽ വിയർക്കുമ്പോൾ, ഈ വ്യക്തി പുറത്ത് ലാഭകരമായ ബിസിനസ് നടത്തുന്നു.
സാങ്കേതികവിദ്യയുടെ സഹായമില്ലാതെ ആളുകളുടെ വിശ്വാസം നേടിയും പൊലീസ് നടത്തുന്ന ലോക്കറിലായതിനാൽ നിയമപരമായ നൂലാമാലകളിൽ പെടാതെയുമൊക്കെയാണ് മുന്നോട്ടുപോകുന്നത്. എംബിഎ ഇല്ല. സ്റ്റാർട്ടപ്പ് ഇല്ല. യുഎസ് കോണ്‍സുലേറ്റിലെ തിരക്കാണ് അദ്ദേഹത്തിന്‍റെ ബിസിനസിന് അടിസ്ഥാനം. ഒരുപക്ഷേ ബിസിനസ് പുസ്തകങ്ങളിലൊന്നും ഇത്തരമൊരു ആശയം നിങ്ങൾക്ക് കാണാൻ കഴിയില്ല.
https://www.linkedin.com/feed/update/urn:li:activity:7335524599314419713/


