പ്രിസൈഡിംഗ് ഓഫിസറുടെ അനുമതിയില്ലാതെ അധ്യക്ഷന് സമീപത്തെത്തോ നടുത്തളത്തിലോ അംഗങ്ങള്‍ക്ക് പ്രവേശിക്കാന്‍ പാടില്ല. ചട്ടം ലംഘിച്ചാല്‍ സ്വാഭാവികമായി അഞ്ച് ദിവസം സസ്പെന്‍ഷന്‍ ലഭിക്കും.

ദില്ലി: നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നവരെ ഓട്ടോമാറ്റിക്കായി സസ്പെന്‍ഡ് ചെയ്യാനും വോട്ടവകാശം ഇല്ലാതാക്കാനും ചട്ടം പരിഷ്കരിക്കണമെന്ന് രാജ്യസഭാ പാനലിന്‍റെ നിര്‍ദേശം. രാജ്യസഭ മുന്‍ സെക്രട്ടറി ജനറല്‍ വി കെ അഗ്നിഹോത്രി, മുന്‍ നിയമമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ദിനേഷ് ഭരദ്വാജ് എന്നിവരടങ്ങിയ രണ്ടംഗ കമ്മിറ്റിയാണ് വെങ്കയ്യ നായിഡുവിന് നിര്‍ദേശം സമര്‍പ്പിച്ചത്. 77 ചട്ടങ്ങളില്‍ ഭേദഗതി വേണമെന്നും 124 ചട്ടങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു. സഭാ നടത്തിപ്പിനായി 303 ചട്ടങ്ങളാണ് ഉള്ളത്. രണ്ടംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് രാജ്യസഭ സെക്രട്ടറി ജനറല്‍ ദേശ് ദീപക് വെര്‍മ ജനറല്‍ പര്‍പ്പസ് കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിച്ചു. യോഗത്തില്‍ 23 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

സഭാ അധ്യക്ഷന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് കമ്മിറ്റിയുടെ നിര്‍ദേശം. പ്രിസൈഡിംഗ് ഓഫിസറുടെ അനുമതിയില്ലാതെ അധ്യക്ഷന് സമീപത്തെത്തോ നടുത്തളത്തിലോ അംഗങ്ങള്‍ക്ക് പ്രവേശിക്കാന്‍ പാടില്ല. ചട്ടം ലംഘിച്ചാല്‍ സ്വാഭാവികമായി അഞ്ച് ദിവസം സസ്പെന്‍ഷന്‍ ലഭിക്കും. സസ്പെന്‍ഷന്‍ കാലവധിയില്‍ വോട്ട് ചെയ്യാനും അവകാശമുണ്ടാകില്ല. സമാനമായ നിയമം ലോക്സഭയിലുണ്ടെന്നാണ് വാദം. പ്രതിപക്ഷ എംപിമാര്‍ കാര്യമായ പ്രതിഷേധമുയര്‍ത്തിയില്ല എന്നതും ശ്രദ്ധേയം. ജിപിസി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പഠിച്ച് കൂടുതല്‍ പരിശോധനകള്‍ക്കായി മറ്റൊരു പാനലിനെ ചുമതലയേല്‍പ്പിക്കും.