ദില്ലി: അയോധ്യ കേസിൽ വിധി വരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി ഉന്നതതല യോഗം വിളിച്ചു. അമിത് ഷായുടെ ദില്ലിയിലെ ഔദ്യോഗിക വസതിയിലാണ് രാജ്യത്തെ സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ യോഗം വിളിച്ചിരിക്കുന്നത്.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ദോവലടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വിധി വരുന്ന സാഹചര്യത്തിൽ അമിത് ഷായുടെ മറ്റെല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

അയോധ്യ വിധി പ്രസ്താവിക്കുന്ന സാഹചര്യത്തിൽ‌ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ജമ്മു കാശ്മീർ, കർണാടക, ദില്ലി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിലെ  സ്കൂളുകൾക്കും കോളേജുകൾക്കും തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക, ജമ്മു കാശ്മീർ, മധ്യപ്രേദേശ് എന്നിവിടങ്ങളിലെ സ്കൂളുകൾ ഇന്ന് അടയ്ക്കും. ദില്ലിയിൽ സർക്കാർ സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകൾക്കും അവധി നൽകിയിരിക്കുകയാണ്.

ഉത്തർപ്രദേശിലും ജമ്മു കാശ്മീരിലും ​ഗോവയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലുപേരിൽ കൂടുതൽ സംഘം ചേരുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. മധ്യപ്രദേശിലും ഭോപ്പാലിലും ബം​ഗളൂരുവിലും നിരോധനാ‍ജ്ഞ നിലവിലുണ്ട്. സുരക്ഷാ സജ്ജീകരണങ്ങളെ മുൻനിർത്തി ജമ്മു കാശ്മീരിൽ പരീക്ഷകൾ എല്ലാം മാറ്റി വച്ചു. മദ്യ വിൽപനയ്ക്ക് കർശനമായ വിലക്കേർപ്പെടുത്തി. പടക്കം പൊട്ടിക്കാൻ പാടില്ലെന്ന് പൊലീസ് നിർദ്ദശമുണ്ട്. ഹൈദരാബാദിൽ സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിന് സമാധാനവും നിയമവും നടപ്പിൽ വരുത്താനും വേണ്ട എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുള്ളതായി സിറ്റി പൊലീസ് കമ്മീഷണർ അഞ്ജനി കുമാർ ഉറപ്പു നൽകി.