അയോധ്യ രാമക്ഷേത്ര നിർമ്മാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര, നിർമ്മാണത്തിലെ കടുത്ത എഞ്ചിനീയറിംഗ് വെല്ലുവിളികളെക്കുറിച്ച് വെളിപ്പെടുത്തുന്നു. തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താനുണ്ടെന്നും ക്ഷേത്ര സമുച്ചയത്തിൽ വിപുലമായ വികസന പ്രവർത്തനങ്ങൾ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അയോധ്യ: അയോധ്യ രാമക്ഷേത്ര നിർമ്മാണം ഇന്ന് കാണുന്ന രീതിയിൽ എളുപ്പത്തിൽ പൂർത്തിയായ ഒന്നല്ലെന്നും ഓരോ ഘട്ടത്തിലും കടുത്ത എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും നിർമ്മാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര. ക്ഷേത്ര നിർമ്മാണത്തിൽ ഉപയോഗിച്ച ടൈറ്റാനിയം ഘടകങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു ഏറ്റവും വലിയ സാങ്കേതിക തടസ്സം. ഇവയുടെ നിർമ്മാണ പ്രക്രിയയിൽ 52 ശതമാനത്തിലധികം മെറ്റീരിയൽ നഷ്ടം സംഭവിക്കുന്നതായി എഞ്ചിനീയർമാർ കണ്ടെത്തി. തുടർന്ന് സ്വകാര്യ മേഖലയിലെ വിദഗ്ധർ ഉൾപ്പെടെയുള്ള നിരവധിയാളുകളുടെ അഭിപ്രായം തേടിയ ശേഷമാണ് സാങ്കേതികമായും സാമ്പത്തികമായും അനുയോജ്യമായ പരിഹാരം സമിതി കണ്ടെത്തിയതെന്നും ഏഷ്യാനെറ്റ് ന്യൂസബിളിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
വേദങ്ങൾ, പുരാണങ്ങൾ, ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങൾ എന്നിവയിലെ വിദഗ്ധരുമായി ആലോചിച്ചാണ് ഓരോ കലാപരമായ തീരുമാനങ്ങളും എടുത്തത്. ഇതിനായി രൂപീകരിച്ച പണ്ഡിതരുടെ പാനലാണ് വെങ്കല ചുവർചിത്രങ്ങൾക്കായി 79 സന്യാസിമാരുടെയും വ്യക്തിത്വങ്ങളുടെയും പേരുകൾ തിരഞ്ഞെടുത്തത്. തീർത്ഥാടകന്റെ കാഴ്ചപ്പാടിൽ നോക്കിയാൽ ക്ഷേത്രത്തിലെ സൗകര്യങ്ങൾ നിലവിൽ 60 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ എന്ന് നൃപേന്ദ്ര മിശ്ര വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ താഴെ പറയുന്ന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. പല ഭാഷകളിലുള്ള സൈൻ ബോർഡുകൾ, കൂടുതൽ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, തണലുള്ള പാതകൾ. മികച്ച ഷൂ കളക്ഷൻ സംവിധാനം, തടസ്സമില്ലാത്ത പ്രവേശന-ബഹിർഗമന റൂട്ടുകൾ, പ്രായമായ ഭക്തരെ സഹായിക്കാനുള്ള പ്രത്യേക സൗകര്യങ്ങൾ എന്നിവയും ഉടൻ ഒരുങ്ങും.
രാമക്ഷേത്രം ഒരിക്കലും ഒരു ഉത്തരേന്ത്യൻ ക്ഷേത്രം മാത്രമായി കാണപ്പെടരുതെന്നും എല്ലാ പ്രദേശങ്ങളിൽ നിന്നും ഭാഷകളിൽ നിന്നുമുള്ള ഭക്തരെ സ്വാഗതം ചെയ്യുന്ന സനാതന ധർമ്മത്തിന്റെ വിശാലമായ വികാരം പ്രതിഫലിപ്പിക്കുന്നതായിരിക്കണം എന്നതുമായിരുന്നു ആസൂത്രണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വ്യക്തമായ നിർദ്ദേശം. അത് സാധ്യമാക്കാൻ വേണ്ടതെല്ലാം ചെയ്യും. വരും ഘട്ടത്തിൽ 71 ഏക്കറിലുള്ള ക്ഷേത്ര സമുച്ചയത്തിൽ വിപുലമായ വികസന പ്രവർത്തനങ്ങൾ നടക്കും. ത്രിഡി രാമകഥാ മ്യൂസിയം, സാംസ്കാരിക പരിപാടികൾക്കായി വലിയ ഓഡിറ്റോറിയം, മെച്ചപ്പെട്ട ഹോർട്ടികൾച്ചർ, ലാൻഡ്‌സ്‌കേപ്പ് ചെയ്ത ജലാശയങ്ങൾ ഉപയോഗിച്ചുള്ള കൂളിംഗ് സിസ്റ്റം, രാമജന്മഭൂമി പ്രസ്ഥാനത്തിൽ ജീവൻ ബലിനൽകിയ കാർസേവകരുടെ സ്മാരകങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കടുത്ത വേനൽക്കാലത്തും തീർത്ഥാടനം സുഖകരമാക്കാൻ സ്വാഭാവിക തണുപ്പിക്കൽ വിദ്യകളും കാനോപ്പികളും ഒരുക്കുന്നുണ്ട്.
പൊതുഭരണരംഗത്തെ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തിന് ശേഷം ഈ ക്ഷേത്ര പദ്ധതി തന്നെ വ്യക്തിപരമായി മാറ്റിമറിച്ചുവെന്നും വിനയം എന്തെന്ന് പഠിപ്പിച്ചുവെന്നും മിശ്ര പറയുന്നു. നമ്മൾ ഓരോരുത്തരും ദൈവത്തിന്റെ നിയോഗം പൂർത്തിയാക്കാൻ തിരഞ്ഞെടുക്കപ്പെട്ട വെറുമൊരു "ഉപകരണം" മാത്രമാണെന്ന ആത്മീയ നേതാവ് മാതാ അമൃതാനന്ദമയിയുടെ സന്ദേശം തന്റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചതായി അദ്ദേഹം അനുസ്മരിച്ചു. 4 ലക്ഷത്തിലധികം ഗ്രാമങ്ങളിലെ 10 കോടിയലധികം കുടുംബങ്ങളിൽ നിന്ന് ശേഖരിച്ച സംഭാവനകളിലൂടെ ഏകദേശം 3,200 കോടി രൂപയാണ് ക്ഷേത്രത്തിനായി ലഭിച്ചത്. എഞ്ചിനീയർമാരും കമ്പനികളും തങ്ങളുടെ പ്രൊഫഷണൽ ഫീസ് പൂർണ്ണമായി ഒഴിവാക്കി പ്രതിഫലം വാങ്ങാതെയാണ് ജോലി ചെയ്തത്. ലക്ഷക്കണക്കിന് ഭക്തരുടെ ഈ പണത്തെ "ദൈവത്തിന്റെ പണം" എന്നാണ് മിശ്ര വിശേഷിപ്പിച്ചത്. അതിനാൽ ഓരോ ചെലവും അതീവ ഉത്തരവാദിത്തത്തോടെയും ആദരവോടെയുമാണ് പരിശോധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


