അയോധ്യ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാൻ റാം മന്ദിർ ട്രസ്റ്റ്
ഡിസംബറിനും ജനുവരിക്കും ഇടയിൽ ഏറ്റവും അനുകൂലമായിട്ടുള്ള തീയതികളിൽ പ്രധാനമന്ത്രിയുടെ ലഭ്യത ഉറപ്പാക്കണമെന്നാണ് കത്തിൽ അഭ്യർത്ഥിക്കുക. ഇതുകൂടാതെ അയോധ്യയിൽ ഏഴു ദിവസം നീളുന്ന ഉത്സവവും വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ആഘോഷിക്കും.

ദില്ലി: അയോധ്യയിൽ നിർമ്മാണത്തിലുള്ള രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ട്. ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ അയോധ്യയിൽ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റാം മന്ദിർ ട്രസ്റ്റ് വിഗ്രഹ പ്രതിഷ്ഠയ്ക്ക് ക്ഷണിക്കുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. നരേന്ദ്ര മോദിക്ക് ഔദ്യോഗിക അഭ്യർത്ഥന കത്ത് അയക്കാനുള്ള ഒരുക്കത്തിലാണ് റാം മന്ദിർ ട്രസ്റ്റ്.
ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ ഒപ്പുള്ള കത്ത് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിക്ക് അയക്കും. ഡിസംബറിനും ജനുവരിക്കും ഇടയിൽ ഏറ്റവും അനുകൂലമായിട്ടുള്ള തീയതികളിൽ പ്രധാനമന്ത്രിയുടെ ലഭ്യത ഉറപ്പാക്കണമെന്നാണ് കത്തിൽ അഭ്യർത്ഥിക്കുക. ഇതുകൂടാതെ അയോധ്യയിൽ ഏഴു ദിവസം നീളുന്ന ഉത്സവവും വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ആഘോഷിക്കും.
അതേസമയം, 2024 ജനുവരിയിൽ രാമക്ഷേത്രം തുറക്കാൻ നഗരം തയ്യാറെടുക്കുന്നതിനാൽ ഉത്തർപ്രദേശ് സർക്കാർ അയോധ്യയിലെ വിമാനത്താവളത്തിന്റെയും റെയിൽവേ സ്റ്റേഷന്റെയും വിപുലീകരണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. ഡിസംബറോടെ ക്ഷേത്രത്തിൽ ശ്രീരാമ വിഗ്രഹം സ്ഥാപിക്കുമെന്നും 2024 ജനുവരിയോടെ ഉദ്ഘാടനം ചെയ്യുമെന്നും രാമജന്മഭൂമി തീർഥ ക്ഷേത്ര ന്യാസ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ക്ഷേത്രം ട്രസ്റ്റ് ഇതുവരെ തീയതികൾ ചർച്ച ചെയ്തിട്ടില്ല. ക്ഷേത്രത്തിന്റെ നിർമ്മാണം അതിവേഗം നടക്കുന്നുണ്ട്. ഉദ്ഘാടനം ഡിസംബർ 31 നും ജനുവരി 15 നും ഇടയിൽ ഏത് സമയത്തും നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ജനുവരി ഒന്നിന് രാമക്ഷേത്രം തുറക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ വർഷമാദ്യം പറഞ്ഞത്. 171 അടി ഉയരമുള്ള വിശാലമായ രാമക്ഷേത്രമാണ് അയോധ്യയിൽ ഉയരുന്നത്. ലോക തീർത്ഥാടക ഭൂപടത്തിൽ പ്രമുഖസ്ഥാനം രാമക്ഷേത്രം വരുമ്പോൾ അയോധ്യയ്ക്ക് ഉണ്ടാകും. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാന ദിവസങ്ങളിൽ അഞ്ച് ലക്ഷം വരെ ഭക്തരെ ഉൾക്കൊള്ളാനാകുമെന്ന് ക്ഷേത്ര നിർമ്മാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം