അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ എസ്ഐടി സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. നാളെ കേസ് പരിഗണിക്കാനിരിക്കെ മുദ്രവച്ച കവറിലാണ് റിപ്പോർട്ട് നൽകിയത്
ദില്ലി: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. കോടതി നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് മുദ്രവച്ച കവറിൽ എസ് ഐ ടി റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും അതിനാൽ കേസിന്റെ അന്തിമ റിപ്പോർട്ട് സർക്കാരിന് കൈമാറാൻ കൂടുതൽ കാലതാമസമെടുക്കുമെന്നും എസ് ഐ ടി വൃത്തങ്ങൾ സൂചിപ്പിച്ചു. ഇടക്കാല റിപ്പോർട്ടിലെ വിവരങ്ങൾ സംബന്ധിച്ചുള്ള സൂചനകൾ പുറത്തുവന്നിട്ടില്ല. ട്രസ്റ്റിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുമ്പോഴും, ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന വി എച്ച് പി നേതാവുമായ ചമ്പത് റായിക്കെതിരെ റിപ്പോർട്ടിൽ പരാമർശങ്ങളുണ്ടോ എന്ന കാര്യത്തിലും സൂചനകൾ പുറത്തുവന്നിട്ടില്ല. നേരത്തെ സംസ്ഥാന സർക്കാരിന് എസ് ഐ ടി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ചമ്പത് റായിയുടെ പേര് ഉണ്ടായിരുന്നില്ല.
രാഹുൽ ഗാന്ധിയുടെ ആദ്യ നീക്കം
അയോധ്യ ക്ഷേത്രക്കൊള്ളയില്‍ മൗനം വെടിഞ്ഞ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആദ്യ നീക്കവുമായി ഇന്ന് രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധി കത്ത് നല്‍കി. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങാനിരിക്കേയാണ് രാഹുൽ കത്ത് നൽകിയതെന്നത് ശ്രദ്ധേയമായി. അയോധ്യ ക്ഷേത്രക്കൊള്ളയില്‍ പാർലമെന്‍റിൽ പ്രധാനമന്ത്രി മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പ് കൂടിയാണ് രാഹുൽ ഇതിലൂടെ നൽകിയിരിക്കുന്നത്. രാഹുലിനൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സുതാര്യവും സമഗ്രവുമായ അന്വേഷണം വേണമെന്നും, അടുപ്പക്കാരനായ വിശ്വഹിന്ദു പരിഷത്ത് നേതാവായ ട്രസ്റ്റ് മുന്‍ ജനറല്‍സെക്രട്ടറി ചമ്പത് റായി സംശയമുനയില്‍ നില്‍ക്കുന്ന കൊള്ളയില്‍ പ്രധാനമന്ത്രിക്ക് മിണ്ടാതിരിക്കാനാവില്ലെന്നുമാണ് ഇരുവരും നൽകിയ കത്തിന്‍റെ ഉള്ളടക്കം. അയോധ്യ ക്ഷേത്രകൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ മൗനത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനെ കൂടി പ്രതിരോധത്തിലാക്കുന്ന ആദ്യ നീക്കവുമായി രാഹുൽ രംഗത്തെത്തിയത്.
