അയോധ്യ ക്ഷേത്രക്കൊള്ളയിൽ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പ്രധാനമന്ത്രിക്ക് കത്ത് നൽകി. പാർലമെൻ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് ഈ നീക്കം. മോദിക്ക് പാർലമെന്‍റിൽ ഇക്കാര്യത്തിൽ മറുപടി പറയേണ്ടി വരുമെന്നതാണ് സാഹചര്യം
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയില്‍ മൗനം വെടിഞ്ഞ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആദ്യ നീക്കം. വിഷയത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധി കത്ത് നല്‍കി. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങാനിരിക്കേയാണ് രാഹുൽ കത്ത് നൽകിയതെന്നത് ശ്രദ്ധേയമായി. അയോധ്യ ക്ഷേത്രക്കൊള്ളയില്‍ പാർലമെന്‍റിൽ പ്രധാനമന്ത്രി മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പ് കൂടിയാണ് രാഹുൽ ഇതിലൂടെ നൽകിയിരിക്കുന്നത്. രാഹുലിനൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സുതാര്യവും സമഗ്രവുമായ അന്വേഷണം വേണമെന്നും, അടുപ്പക്കാരനായ വിശ്വഹിന്ദു പരിഷത്ത് നേതാവായ ട്രസ്റ്റ് മുന്‍ ജനറല്‍സെക്രട്ടറി ചമ്പത് റായി സംശയമുനയില്‍ നില്‍ക്കുന്ന കൊള്ളയില്‍ പ്രധാനമന്ത്രിക്ക് മിണ്ടാതിരിക്കാനാവില്ലെന്നുമാണ് ഇരുവരും നൽകിയ കത്തിന്‍റെ ഉള്ളടക്കം. അയോധ്യ ക്ഷേത്രകൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ മൗനത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനെ കൂടി പ്രതിരോധത്തിലാക്കുന്ന ആദ്യ നീക്കവുമായി രാഹുൽ രംഗത്തെത്തിയത്.
സർവകക്ഷി യോഗത്തിൽ ഇറങ്ങിപ്പോക്ക്
അതേസമയം വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇറങ്ങി പോയി. തൃണമൂല്‍ വിമതരെ യോഗത്തിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. ഇതോടെ മഴക്കാല സമ്മേളനത്തില്‍ പ്രതിഷേധ കാറ്റ് ശക്തമായി വീശുമെന്നുറപ്പായി. സര്‍വകക്ഷി യോഗത്തില്‍ നിന്നുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഇറങ്ങിപ്പോക്ക് ആദ്യ സൂചനയായി. കോണ്‍ഗ്രസുമായി ഇടഞ്ഞ് പ്രത്യക ബ്ലോക്കായിരിക്കാന്‍ നിശ്ചയിച്ച ഡി എം കെ അടക്കം പാര്‍ട്ടികള്‍ ഇറങ്ങിപോക്കില്‍ ഒപ്പം ചേര്‍ന്നു. തൃണമൂല്‍ വിമതരെ യോഗത്തിലേക്ക് ക്ഷണിച്ച നടപടിയെ എം പിമാർ ശക്തമായി ചോദ്യം ചെയ്തു. നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുമായുള്ള വിമതരുടെ ലയനം സ്പീക്കര്‍ ഇനിയും അംഗീകരിച്ചിട്ടില്ലെന്നടക്കം പ്രതിപക്ഷ എം പിമാർ ചൂണ്ടിക്കാട്ടി. പ്രതിഷേധം പ്രതീകാത്മകമെന്നറിയിച്ച് പിന്നീട് എം പിമാര്‍ യോഗത്തിലേക്ക് തിരിച്ച് കയറി. വളരെ പ്രധാനപ്പെട്ട ബില്ലുകള്‍ ഇത്തവണത്തെ സമ്മേളനത്തില്‍ വരുമെന്നും പ്രതിഷേധിച്ച് വെറുതെ സമയം കളയരുതെന്നും പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞ് നിമിഷങ്ങള്‍ക്കകമാണ് പ്രതിപക്ഷം വോക്കൗട്ട് നടത്തിയത്.
വന്ദേമാതരം ബില്ല് നാളെ ഷാ അവതരിപ്പിക്കും
എഫ് സി ആർ എ ഭേദഗതിയടക്കം 6 പ്രധാന ബില്ലുകളാണ് ഈ സമ്മേളനകാലയളവില്‍ സര്‍ക്കാര്‍ കൊണ്ടുവരിക. ഇതില്‍ വന്ദേമാതരത്തെ അധിക്ഷേപിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടുന്ന ബില്ല് നാളെ ആഭ്യന്തരമന്ത്രി അമിത് ഷായാകും രാജ്യസഭയില്‍ അവതരിപ്പിക്കുക. ഭരണഘടന ഭേദഗതി ബില്ലുകള്‍ പാസാക്കാനായി ഇന്ത്യ സഖ്യം പാര്‍ട്ടികളെ പിളര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം ശക്തമായി അപലപിച്ചിട്ടുണ്ട്. 360 പേരുടെ പിന്തുണ വേണമെന്നിരിക്കേ നിലവില്‍ അംഗബലം 330 വരെ എത്തിയിട്ടുണ്ടെന്നാണ് ഭരണപക്ഷത്തിന്‍റെ അവകാശവാദം. പ്രത്യേക ബ്ലോക്കായിരിക്കുന്ന 22 ഡി എം കെ എം പിമാര്‍ ബി ജെ പിയെ പിന്തുണക്കുന്നതിന്‍റെ സൂചന ഇതുവരെയില്ല.

