ദില്ലി: അയോധ്യ തർക്കഭൂമി കേസിൽ വിധി വന്ന പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തിയ 72 പേർക്കെതിരെ കേസെടുത്തു. ഇവിടുത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചു.

നാലായിരം നാലായിരം സി ആർ പി എഫ് ഭടന്മാരെ കൂടി അധികമായി വിന്യസിച്ചിട്ടുണ്ട്. മതസ്പർധ വളർത്തുന്ന വിധം സമൂഹമാധ്യങ്ങളിൽ പ്രചാരണം നടത്തുന്നത് ശക്തമായി പൊലീസ് നിരീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രി യോഗി ആദിനാഥ് ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

അതിനിടെ അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ  രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ജെയ്ഷ് ഇ മുഹമ്മദ്‌ ഭീകരാക്രമണത്തിനു പദ്ധതി ഇടുന്നതായാണ് വിവരം. മിലിട്ടറി ഇന്റലിജസും റോയും ഐബിയും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മുന്നറിയിപ്പ് അതീവ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. ദില്ലി, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ജെയ്ഷ് ഇ മുഹമ്മദ്‌  ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.

അയോധ്യ തർക്കഭൂമി കേസിൽ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവം നടത്തിയ പശ്ചാത്തലത്തിൽ രാജ്യത്ത് ഇപ്പോഴും കനത്ത ജാഗ്രത തുടരുകയാണ്. വിധിയിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങൾക്ക് ഏർപ്പെടുത്തിയ കർശന വിലക്ക് തുടരുന്നുണ്ട്. വിദ്വേഷം പ്രചരിപ്പിച്ച് സമാധാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് ദില്ലി പൊലീസ് ആവർത്തിച്ചു.

അയോധ്യ കേസിൽ വിധി പറഞ്ഞ ഭരണഘടനാ ബഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടക്കമുള്ളവരുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജമ്മു കശ്‍മീരിൽ നിരോധനാജ്ഞ തുടരുകയാണ്. മുംബൈയും ബംഗളൂരുവും കനത്ത ജാഗ്രതയിലാണ്. രാജസ്ഥാനിലെ അജ്മീറിൽ വിഛേദിച്ച ഇന്റർനെറ്റ്‌ സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്.