ലക്നൗ: അയോധ്യയിലെ തര്‍ക്കഭൂമിയിലെ ക്ഷേത്രനിർമ്മാണത്തിനും നടത്തിപ്പിനുമായുള്ള ട്രസ്റ്റ് ഉടൻ രൂപീകരിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ട്രസ്റ്റ് രൂപീകരണ യോഗം ഒരാഴ്ചയ്ക്കുള്ളിൽ നടക്കും എന്നാണ് സൂചന. എട്ട് അംഗങ്ങളുള്ള ട്രസ്റ്റാകും നിലവിൽ വരികയെന്നാണ് സൂചന. 

അയോധ്യക്കേസിലെ തർക്കഭൂമിയുടെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാരിന് വിട്ടുനല്‍കാനാണ് സുപ്രീംകോടതി വിധിച്ചത്. തര്‍ക്കം നിലനില്‍ക്കുന്ന 2.77 ഏക്കര്‍ സ്ഥലം മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി തെറ്റെന്ന് വിധിച്ച സുപ്രീംകോടതി, അവിടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഉത്തരവിടുകയായിരുന്നു. കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാണ് ക്ഷേത്രം പണിയേണ്ടത്. മുസ്ലീംങ്ങള്‍ക്ക് അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യവും പ്രാധാന്യമേറിയതുമായ സ്ഥലത്ത് പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി നൽകണം എന്നുമാണ് കോടതി വിധി. 

സുപ്രീംകോടതി വിധിയെ തുടര്‍ന്നുള്ള അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് സൂചന. അടുത്ത മകര സംക്രാന്തി ദിനത്തിലായിരിക്കും നിര്‍മാണം ആരംഭിക്കുക. ശിലാസ്ഥാപന കര്‍മങ്ങളും നടക്കും. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് വിഎച്ച്പിയുടെ നേതൃത്വത്തില്‍ മുമ്പ് ശിലാസ്ഥാപനം നടത്തിയിരുന്നു.

Also Read: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം അടുത്ത വര്‍ഷം മകരസംക്രാന്തിയില്‍ തുടങ്ങിയേക്കും