ദില്ലി: ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ വിചാരണ പൂര്‍ത്തിയാക്കി ഒമ്പതുമാസത്തിനകം വിധി പറയണമെന്ന് സുപ്രീംകോടതി. കേസിന്‍റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ പ്രത്യേക കോടതി ജഡ‌്ജിയായ എസ് പി യാദവിന്റെ കാലാവധി സുപ്രീംകോടതി നീട്ടി നൽകി. കേസിൽ ആറുമാസത്തിനകം തെളിവുകള്‍ രേഖപ്പടുത്തുന്നത് അവസാനിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരടക്കം 13പേര്‍ കേസിൽ പ്രതികളാണ്. ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതിയിലാണ് ബാബറി മസ്ജിദ് ആക്രമണ കേസിലെയും ഗൂഢാലോചനക്കേസിലേയും വിചാരണ നടക്കുന്നത്.

വിചാരണയ‌്ക്ക‌് ആറുമാസംകൂടി സമയം വേണമെന്നാവശ്യപ്പെട്ട് മെയ് മുപ്പതിനാണ് എസ്പി യാദവ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതേത്തുർന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഈ വർഷം സെപ്തംബർ 30-ന് വിരമിക്കാനിരിക്കെയാണ് ജഡ്ജിയുടെ സർവീസ് കാലാവധി സുപ്രീംകോടതി നീട്ടി നൽകിയത്. 1992 ഡിസംബര്‍ ആറിനാണ് എല്‍ കെ അദ്വാനി ഉൾപ്പടെയുള്ള ബിജപി നേതാക്കളുടെ നേതൃത്വത്തിൽ അയോധ്യയിൽ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്.